നടപ്പുറം ബൈപ്പാസിലെ വലിയകുഴി നികത്തി
1578921
Saturday, July 26, 2025 5:00 AM IST
കൂത്താട്ടുകുളം: നടപ്പുറം ബൈപ്പാസ് റോഡിൽ രൂപപ്പെട്ട വലിയകുഴി നികത്തി. എംസി റോഡിൽ നിന്നു ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിൽ ടാർ ഇളകി രൂപപ്പെട്ട വലിയ കുഴിയാണ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പാറ വേസ്റ്റ് ഉപയോഗിച്ച് നികത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം മണ്ണിട്ട് കുഴിയടയ്ക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾകം മണ്ണിട്ട ഭാഗം ചെളിയായി മാറി. തുടർന്ന് ഇന്നലെ രാവിലെ ചെളിയുടെ മുകളിൽ പാറ വേസ്റ്റ് നിക്ഷേപിച്ച് താൽക്കാലികമായി കുഴി നകത്തുകയായിരുന്നു.
എന്നാൽ വെയിൽ തെളിയുന്നതോടെ പ്രദേശം പൊടിമയമാകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഈ ഭാഗത്തെ ടാർ ഇളകി മാറി കുഴി രൂപപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് പോകുന്നത് ഇതുവഴിയാണ്.
ഭാരം കയറ്റി വരുന്ന ടോറസ് ലോറികളും മറ്റ് സ്വകാര്യ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. ടാറിംഗ് അവശേഷിക്കുന്ന ഭാഗത്തുകൂടി ടൈൽ വിരിച്ചാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് വിദഗ്ധർ പറയുന്നു.