വഴിവിളക്കുകള്‍ റെഡി : വെളിച്ചം കാത്ത് കണ്ടെയ്നര്‍ റോഡ്
1578691
Friday, July 25, 2025 5:17 AM IST
കൊച്ചി: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ രാത്രി വെളിച്ചമെത്തുന്നു. 17.2 കിലോ മീറ്റര്‍ നീളുന്ന റോഡില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. 7.78 കോടി രൂപ ചെലവിലാണ് കണ്ടെയ്നര്‍ റോഡ് പ്രകാശിക്കാനൊരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയായതോടെ ദേശീയപാത അഥോറിറ്റി സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്നുള്ള കണക്ഷന് കാത്തിരിക്കുകയാണ്.
വരുന്ന 31നകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ മാനദണ്ഡങ്ങളും, സാങ്കേതിക മാര്‍ഗനിര്‍ദേശക സംവിധാനമായ ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങളും പാലിച്ചാണ് തെരുവുവിളക്കുകള്‍ സഥാപിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ ഹൈബി ഈഡന് എംപിക്ക് ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.
2011ല്‍ ഉദ്ഘാടനം ചെയ്ത റോഡ് വൈദ്യുതീകരിച്ച് വിളക്കുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്കും നിരവധി പേര്‍ക്ക് ജീവന് നഷ്ടമാകുന്നതിനും ഇടയാക്കിയിരുന്നു. മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഡിആര്‍ കണ്‍സ്ട്രക്ഷനാണ് വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന കരാര്‍ നല്‍കിയിരുന്നത്. പ്രദേശത്ത് വെളിച്ചം എത്തുന്നതോടെ സുരക്ഷിതയാത്രയും സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്വുമാകുമെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു.
കണ്ടെയ്നര്‍ റോഡ് നിർമിക്കുന്നതിനുള്ള ആദ്യ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ റോഡില്‍ വൈദ്യുതീകരണത്തിനായുള്ള നിര്‍ദേശം ഉണ്ടായിരുന്നില്ല. കണ്ടെയ്നര്‍ ലോറികള്‍ മാത്രം സഞ്ചരിക്കുന്നതിനുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. കൊച്ചി മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് സാധാരണ വാഹനങ്ങളും കണ്ടെയ്നര്‍ റോഡിലൂടെ കടത്തിവിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെയാണ് റോഡില്‍ വൈദ്യുതീകരണം അത്യാവശ്യമായി വന്നത്.
ആറ് വര്‍ഷം; ചെലവിട്ടത് 90.12 കോടി
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കണ്ടെയ്നര്‍ റോഡിലെ വിവിധ പ്രവൃത്തികള്‍ക്കായി ചെലവിട്ടത് 90.12 കോടി രൂപ. ഇതില്‍ 7.78 കോടി രൂപ വഴി വിളക്കുകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ചതാണ്. ഈ റോഡ് പരിപാലിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 18.92 കോടി രൂപയും മുളവുകാട് പഞ്ചായത്തില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കുന്നതിനായി 17.43 കോടി രൂപ, റോഡ് ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 45.99 കോടി രൂപയും ചെലവഴിച്ചു.
നീളന്‍ പാത
കളമശേരിയില്‍ തുടങ്ങി വല്ലാര്‍പാടത്ത് അവസാനിക്കുന്ന 17.2 കിലോമീറ്റര്‍ നീളുന്നതാണ് കണ്ടെയ്നര്‍ റോഡ്. കൊച്ചിയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടാന്‍ കണ്ടെയ്നര്‍ റോഡിന് കഴിഞ്ഞെങ്കിലും വെളിച്ചമില്ലാത്തത് ഈ വേഗത കുറച്ചിരുന്നു. നഗരത്തിന് സമാന്തരമായി പാത വന്നതോടെയാണ് യാത്രാക്കാര്‍ കൂടിയത്.
കൂടാതെ ആയിരത്തിലേറെ വരുന്ന കണ്ടെയ്നര്‍ ലോറികളും ഈ വഴിയില്‍ സഞ്ചാരവും പാര്‍ക്കിംഗും ആരംഭിച്ചതോടെ തിരക്കു വര്‍ധിച്ചു. വെളിച്ചം ഇല്ലാത്തതിനാല്‍ റോഡരികില്‍ നിർത്തിയിട്ടിരിക്കുന്ന വലിയ ലോറികള്‍ക്ക് പിന്നില്‍ ഇടിച്ചും മറ്റും അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്.
അപകടങ്ങള്‍ക്ക് പേരുകേട്ട വഴി
2011ല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം 25ല്‍ അധികം ആളുകള്‍ക്കാണ് വിവിധ അപകടങ്ങളിലായി ഇവിടെ ജീവന് നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിനാളുകള്‍ വേറെയും. മരണകാരണമായ അപകടങ്ങളില്‍ ഏറെയും നടന്നത് രാത്രിയിലാണ്. ഇത്രയേറെ അപകടമരണങ്ങളും അപകടങ്ങളുമുണ്ടായിട്ടും റോഡ് വൈദ്യുതീകരിക്കാത്തതില് പ്രതിഷേധം ശക്തമായിരുന്നു.
റോഡില്‍ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള പ്രാഥമികജോലികള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് ആരംഭിച്ചതും പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചിരുന്നു. റോഡ് വൈദ്യുതീകരണത്തിനുള്ള ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റി ഏറ്റെടുക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് ടോള്‍ പിരിവും സുഗമമായത്.
അപകടമരണം പതിവായതോടെ ഹൈക്കോടതി ഇടപെട്ട് പാതയോരത്തെ അനധികൃത ലോറി പാര്‍ക്കിംഗ് അടിയന്തരമായി ഒഴിപ്പിക്കണമെന്ന് നിർദേശിച്ചെങ്കിലും അത് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.