വാതില്‍ തുറന്നിട്ട് ബസുകളുടെ മരണപ്പാച്ചിൽ : നാല് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
1578899
Saturday, July 26, 2025 4:37 AM IST
കൊച്ചി: നഗരത്തില്‍ മത്സരയോട്ടവും വാതില്‍ അടയ്ക്കാതെയും സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. രവിപുരത്ത് അമിതവേഗത്തില്‍ വാഹനം ഓടിച്ച രണ്ടു സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
എറണാകുളം സിറ്റി പോലീസും ഈ ബസുകള്‍ക്കെതിരെ അപകടകരമായ ഡ്രൈവിംഗിന് നടപടി സ്വീകരിച്ചു. ഇതിനുപുറമേ നഗരത്തിൽ വാതില്‍ തുറന്നിട്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച രണ്ടു ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.
ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റവും സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും ഇതിനെതിരെയുള്ള പരിശോധനകള്‍ തുടരുമെന്നും ആര്‍ടിഒ അറിയിച്ചു.