മൂവാറ്റുപുഴയിൽ ദേശീയ, സംസ്ഥാനപാതകളിലെ കുഴികൾ നികത്താൻ എംഎൽഎയുടെ നിർദേശം
1579064
Sunday, July 27, 2025 4:53 AM IST
മൂവാറ്റുപുഴ: നഗരവികസന പ്രവർത്തികൾക്ക് പുറമേ കാലവർഷം ശക്തമായതോടെ മൂവാറ്റുപുഴയിലെ വിവിധ റോഡുകളിൽ കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നെന്നും ഇവ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അധികൃതരോട് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ വെള്ളൂർകുന്നത്ത് ദേശീയപാതയിൽ ഐഒസി, എച്ച്പി പന്പിന്റെ സമീപത്തും വെള്ളൂർകുന്നം സിഗ്നലിന് സമീപത്തുമുള്ള കുഴികൾ അടയ്ക്കുന്നതിന് നാഷണൽ ഹൈവേ അഥോറിറ്റിയോട് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ, കച്ചേരിത്താഴം പാലങ്ങളിലും സമീപത്തും വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡുകളിലും രൂപപ്പെട്ടിരിക്കുന്ന കുഴികൾ അടയ്ക്കുന്നതിന് കെആർഎസ്ബി ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
അന്പലംപടി വീട്ടൂർ റോഡിലെ കബറിങ്കൽ മസ്ജിദിന് സമീപത്ത് രൂപപ്പെട്ടിരിക്കുന്ന കുഴികളും ഈ ഭാഗത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഈ റോഡിൽ തന്നെ മറ്റു വിവിധ ഇടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളും നികത്തി സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ പിഡബ്ല്യുഡി റോഡ് അറ്റകുറ്റപ്പണി വിഭാഗത്തോടും എംഎൽഎ ആവശ്യപ്പെട്ടു.