ഡോ. എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് പി.ബി. സലീമിന്
1578915
Saturday, July 26, 2025 5:00 AM IST
മൂവാറ്റുപുഴ : പശ്ചിമബംഗാൾ സർക്കാർ സെക്രട്ടറിയും പവർ കോർപറേഷൻ സിഎംഡിയും മൂവാറ്റുപുഴ സ്വദേശിയുമായ പി.ബി. സലീമിന് ഡോ. എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ്. നാളെ വൈകുന്നേരം നാലിന് കോൽക്കത്ത ആലിയ സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വെസ്റ്റ് ബംഗാൾ ഗ്രാമ - നഗര വികസന മന്ത്രി ഫിർഹാദ് ഹക്കീം അവാർഡ് സമ്മാനിക്കും.
പശ്ചിമ ബംഗാൾ പവർ കോർപറേഷനെ രാജ്യത്തെ മികച്ച തെർമൽ പവർ പ്ലാന്റാക്കി മാറ്റിയത് ഇദ്ദേഹമാണ്. 2019ൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പുളളിചാലിൽ പി.ബി. സലിം കോർപറേഷൻ സിഎംഡിയായി ചുമതലയേൽക്കുന്പോൾ സ്ഥാപനം നഷ്ടത്തിലായിരുന്നു. ഒറ്റ വർഷം കൊണ്ട് 102 കോടിയുടെ ലാഭമുണ്ടാക്കി മലയാളി ഉദ്യോഗസ്ഥൻ തന്റെ മികവ് തെളിയിച്ചത് ഏറെ ചർച്ചയായിരുന്നു.
സർക്കാരിന്റെ ഉയർന്ന പദവികളിൽ ഇരിക്കുന്പോൾ തന്നെ സാമൂഹിക ജീവകാരുണ്യ കായിക രംഗത്ത് ഇദ്ദേഹം നടത്തുന്ന ഇടപെടലുകളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളും സംസ്ഥാനത്തിന് മാതൃകയായിരുന്നു. എഴുത്തുകാരിയായ ഭാര്യ ഫാത്തി സലീമിന്റെ നേതൃത്വത്തിൽ ഔവർ ഹെറിറ്റേജ് ഫൗണ്ടേഷനും കൽക്കട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. മികച്ച പൊതുപ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട ഡെറക് ഒബ്രിയാൻ എംപിയേയും ചടങ്ങിൽ ആദരിക്കും.
എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അധ്യക്ഷത വഹിക്കും. ഡോ. അരുണ് ജ്യോതി ഭിക്ഷു, സ്വാമി മഹാരാജ് ദേവഭരതാനന്ദ, ഡോ. സത്നാം സിംഗ് അഹ്ലുവാലിയ, ലോക്സഭാംഗം യൂസഫ് പത്താൻ, വെസ്റ്റ് ബംഗാൾ മൈനോറിറ്റീസ് കമ്മീഷൻ ചെയർമാൻ അഹമ്മദ് ഹസൻ, പ്രഫ. ഡോ. റഫീഖുൾ ഇസ്ലാം, പി.എം ജിഫ്രി കോയതങ്ങൾ എന്നിവർ പ്രസംഗിക്കും.