കോതമംഗലം താലൂക്കില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകർന്നു, ലക്ഷങ്ങളുടെ കൃഷിനശിച്ചു
1579060
Sunday, July 27, 2025 4:51 AM IST
കോതമംഗലം: കനത്തമഴയോടൊപ്പം ഉണ്ടായ കാറ്റില്‍ താലൂക്കില്‍ അഞ്ച് വീടുകള്‍ക്ക് ഭാഗികനാശം. ലക്ഷങ്ങളുടെ കൃഷിനാശവും ഉണ്ടായി. തൃക്കാരിയൂര്‍ ഹൈക്കോര്‍ട്ട് കവല ഭാഗത്ത് ചീനിവീട്ടില് രാധയുടെ വീടിന്റെ ഒരുഭാഗം കനത്തമഴയില്‍ തകര്‍ന്നുവീണു.
നെല്ലിക്കുഴി ചിറപ്പടി പുതിയതൊട്ടിയില് മുത്തുകുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് ഓടും ഷീറ്റും മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നു. സാധനസാമഗ്രികള്‍ക്കും കേടുപാടുണ്ടായി. വീടിനകം മഴവെള്ളത്തില്‍ നിറഞ്ഞതോടെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി. നെല്ലിക്കുഴി തട്ടുപറമ്പില്‍ ടി.പി. നവാസ് ലൈഫ് പദ്ധതിയില്‍ പണിത വീടിനോട് ചേര്‍ന്ന് നിര്‍മിച്ച് വര്‍ക്ക് ഏരിയ ഭാഗവും മതിലും നിലംപൊത്തി.
താഴെയുള്ള മൈലുങ്കല്‍ ജെസി സാബുവിന്റെ ശൗചാലയത്തിന് മുകളിലേക്ക് കരിങ്കല്‍ക്കെട്ട് പതിച്ച് ശൗചാലയത്തിനും നാശനഷ്ടം സംഭവിച്ചു.
ചെറുവട്ടൂര്‍ മൂലംകുഴിയില്‍ ഷാജിയുടെ വീടിന് മുകളിലേക്ക് റബര്‍ മരം മറിഞ്ഞ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്ക് തകര്‍ന്നു. കോട്ടപ്പടി പാറച്ചാലിപ്പാറ പുത്തന്‍പുരയില്‍ കുട്ടപ്പന്റെ വീടീന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര ഇടിഞ്ഞുവീണു. ചേലാടിന് സമീപം കള്ളാട് പമ്പ്ഹൗസിന് സമീപം ഓട്ടോറിക്ഷയ്ക്ക് മീതെ മരം മറിഞ്ഞ വീണു.
photo:
കനത്തമഴയിൽ നെല്ലിക്കുഴി തട്ടുപറമ്പില്‍ ടി.പി. നവാസ് ലൈഫ് പദ്ധതിയില്‍ പണിത വീടിനോട് ചേര്‍ന്ന് നിര്‍മിച്ച വര്‍ക്ക് ഏരിയ ഭാഗവും മതിലും നിലംപൊത്തിയ നിലയിൽ.