പിതൃപുണ്യം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി
1578686
Friday, July 25, 2025 5:01 AM IST
മൂവാറ്റുപുഴ: കർക്കടകവാവ് ദിനത്തിൽ മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയ ബലിതറകളിൽ പിതൃപുണ്യം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി. കോരിച്ചൊരിയുന്ന മഴയിലും രാവിലെ മുതൽ ക്ഷേത്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
ഭക്തജനതിരക്ക് കണക്കിലെടുത്ത് പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു. ശക്തമായ മഴ വാവുബലിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കിഴക്കൻ മേഖലയിൽ ഇന്നലെ മഴ മാറി നിന്നു. പുഴയും ശാന്തമായിരുന്നു.
ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ രാവിലെ നാലു മുതൽ തീർഥക്കരയിൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾക്ക് നാരായണൻ ഇളയത് മുഖ്യകാർമികത്വം വഹിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തയാറാക്കിയ ബലിത്തറയിൽ ഒരേസമയം 500ഓളം പേർക്ക് ബലിയിടുവാനുള്ള സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് ക്ഷേത്രക്കടവിലും കൈലാസ ഓഡിറ്റോറിയത്തിലുമാണ് ബലിതർപ്പണം നടന്നത്. പുലർച്ചെ 4.30 മുതലാണ് ബലിതർപ്പണം ആരംഭിച്ചത്.
ഇളങ്ങവം ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ ആറ് മുതൽ ആരംഭിച്ച ബലി തർപ്പണത്തിന് കരിവേപ്പില്ലത്ത് രാജൻ ഇളയത് കാർമികത്വം വഹിച്ചു. ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം, മാറാടി തൃക്ക മഹാദേവേ ക്ഷേത്രം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണം നടത്തിയത്.