ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
1578693
Friday, July 25, 2025 5:17 AM IST
നെടുമ്പാശേരി: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. കുന്നുകര പഞ്ചായത്ത് ആറാം വാർഡ് മെമ്പറായ വി.ബി. ഷെഫീക്കിന്റെ വീട്ടിൽ ബുധനാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം.
ഷെഫീക്കിന്റെ പിതാവ് തെക്കെ അടുവാശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീ പിടിച്ചത്. വീടിനോടു ചേർന്ന് കാർ പോർച്ചിലാണ് സ്കൂട്ടർ ചാർജ് ചെയ്യാൻ ഇട്ടിരുന്നത്.
രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുന്പ് പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൂർണമായും കത്തി നശിക്കുകയായിരുന്നു. പെട്ടെന്ന് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി.
തൊട്ടടുത്ത് രണ്ടു ബൈക്കുകളും പാർക്ക് ചെയ്തിരുന്നു. ഇതിലേക്ക് തീ പടരുന്നതിന് മുന്പ് ശ്രദ്ധയിൽപ്പെട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.