പെരുന്പാവൂരിൽ സ്മാർട്ട് അങ്കണവാടിക്കെതിരേ വ്യാജ പ്രചാരണമെന്ന് കൗൺസിലർ
1578902
Saturday, July 26, 2025 4:37 AM IST
പെരുമ്പാവൂർ: ഉദ്ഘാടനത്തിനൊരുങ്ങിയ സ്മാർട്ട് അങ്കണവാടിക്കെതിരെ വ്യാജപ്രചരണമെന്ന് ആരോപണം. പെരുമ്പാവൂർ നഗരസഭാ കെഎസ്ആർടിസി ഭൂമിയിലുള്ള അങ്കണവാടി ആധുനിക സജ്ജീകരണങ്ങളോടെ നിർമാണം പൂർത്തിയാക്കുകയും ഉദ്ഘാടന തീയതി നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് വ്യാജ പ്രചരണങ്ങളെന്നാണ് ആരോപണം.
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അങ്കണവാടി സ്ഥാപിക്കാനായുള്ള ശ്രമങ്ങൾക്ക് രാഷ്ട്രീയ സ്വാധീനം മൂലമുള്ള ശക്തമായ എതിർപ്പുകൾ നേരിട്ടിരുന്നു. നിരവധി ഭരണ, നിയമപര നടപടികൾക്കുശേഷമാണ് വലിയ എതിർപ്പുകൾ മറികടന്ന് ആ സ്ഥലം ലാൻഡ് ബാങ്കിൽ നിക്ഷേപിക്കാൻ സാധിച്ചത്.
തുടർ പ്രവർത്തനങ്ങൾക്കായി ഹൈക്കോടതിയിൽ വരെ പോയി അനുകൂലമായ വിധി സമ്പാദിക്കേണ്ടിവന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഫണ്ടിൽ നിന്ന് അങ്കണവാടി കെട്ടിടം നിർമിക്കാൻ അനുവദിച്ച 46 ലക്ഷം രൂപക്ക് ജില്ലാ പഞ്ചായത്ത് ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ ആരും പ്രവൃത്തി ഏറ്റെടുക്കാൻ തയാറാകാതിരുന്നതിനാൽ വീണ്ടും തടസം നേരിട്ടു. അന്നത്തെ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബിന്റെയും വാർഡ് കൗൺസിലർ മിനി ജോഷിയുടെയും ഇടപെടലിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇലക്ട്രിക്കൽ വർക്ക് ഉൾപ്പെടെയുള്ള അവസാനഘട്ടങ്ങൾ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കലിനന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ കെട്ടിടത്തിന് കഴിഞ്ഞ ദിവസമാണ് വൈദ്യുത കണക്ഷനും വാട്ടർ കണക്ഷനും ലഭ്യമായത്. ഓഗസ്റ്റ് ആറിന് ഉദ്ഘാടന തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെട്ടിടം തുറന്നു കൊടുക്കുന്നില്ല എന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് ആരോപണമെന്ന് വാർഡ് കൗൺസിലർ മിനി ജോഷി അറിയിച്ചു.