കളമശേരിയിൽ നിന്ന് ഇരുമ്പുപാളങ്ങള്‍ കടത്തി; നാലു പേര് അറസ്റ്റില്‍
1578893
Saturday, July 26, 2025 4:37 AM IST
കൊച്ചി: റെയില്‍വേയുടെ പഴയ ഇരുമ്പുപാളങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ നാലുപേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. ആലുവ മുപ്പത്തടം സ്വദേശി ആല്‍ത്താഫ് കെ. ആഷ്റഫ്, ആക്രി വ്യാപരിയായ കരിമുകള്‍ സ്വദേശി, കോല്‍ക്കത്ത സ്വദേശി ഹൊസൈന്‍ ജാമാദര് (28), പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഇക്ബാല്‍ ഷേഖ് (33) എന്നിവരാണ് അറസ്റ്റിലായത്. ഹൊസൈന്‍ നേരത്തെയും മോഷണക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.
കളമശേരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് ഇളക്കിയിട്ടിരുന്ന പാളങ്ങള്‍ കടത്തിക്കൊണ്ടുപോയത്. കവർച്ചയ്ക്ക് ഉപയോഗിച്ചത് അൽത്താഫിന്റെ വാഹനമാണ്. കുപ്പിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായ ഹൊസൈന്‍ ജോലിക്കിടയില്‍ കണ്ടുവയ്ക്കുന്ന സാധനങ്ങള്‍ രാത്രി ഇക്ബാല്‍ ഷേഖിന്റെയും അല്‍ത്താഫിന്റെയും സഹായത്തോടെ കടത്തുകയാണ് ചെയ്തിരുന്നത്. കളമശേരി റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ നല്കിയ പരാതിയില്‍ ആര്‍പിഎഫ് സംഭവത്തില്‍ കേസെടുത്തിരുന്നു.
പരിസരത്തെ സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മോഷ്ടിച്ച സാധനങ്ങള്‍ അമ്പലമുകള്‍ ഭാഗത്തെ ആക്രിക്കടയില്‍ മറിച്ചു വിറ്റതായി പ്രതികള്‍ മൊഴി നല്കി. ഇതേത്തുടര്‍ന്ന് ആര്‍പിഎഫ് സംഘം ഇവിടെയെത്തി സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ആക്രി വ്യാപാരിക്ക് മോഷണവുമായി നേരിട്ട് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. കോടതിയില്‍ ഹാജരാക്കിയ ഹൊസൈന്‍ ജാമാദര്, ഇക്ബാല്‍ ഷേഖ് എന്നിവരെ റിമാന്‍ഡ് ചെയ്തു.