ഈസ്റ്റ് മാറാടി പെരുവംമൂഴി ബൈപ്പാസ് റോഡ് : ദുരിതയാത്ര വർഷങ്ങൾ പിന്നിട്ടിട്ടും അനാസ്ഥ തുടർന്ന് അധികൃതർ
1578438
Thursday, July 24, 2025 5:03 AM IST
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പെരുവംമൂഴി ബൈപ്പാസ് റോഡിലൂടെയുള്ള യാത്ര ദുരിതമായിമാറി വർഷങ്ങൾ പിന്നിട്ടിട്ടും പിഡബ്ല്യുഡി അധികൃതർ അനാസ്ഥ തുടരുന്നതായി വ്യാപക പരാതി. മാറാടി പഞ്ചായത്തിലെ പ്രധാന റോഡായ മാറാടി ഊരമന പെരുവംമൂഴി ബൈപ്പാസ് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിച്ചതിനുശേഷം പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. പുഴയും റോഡും ഒരേ നിരപ്പിലുള്ള ഈ ഭാഗത്ത് ശാശ്വതമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാൻ പിഡബ്ല്യുഡി അധികൃതർ തയാറായിട്ടില്ല.
അപകടങ്ങൾ തുടർച്ചയായതിനെ തുടർന്ന് റോഡരികിൽ ചെറിയ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളതല്ലാതെ അപകട സാധ്യത കുറയ്ക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും റോഡിൽ ഇതുവരെയും സ്ഥാപിച്ചിട്ടില്ല. മൂവാറ്റുപുഴ നഗര വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ തൊടുപുഴ, കോട്ടയം ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈസ്റ്റ് മാറാടി പെരുവംമൂഴി റോഡിനെയാണ് ആശ്രയിക്കുന്നത്.
അതിനാൽ വലിയ ഭാരവാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി ഈറോഡിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിൽ ശാശ്വതമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി അധികൃതർക്കും, വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ആരോപിച്ചു.
റോഡ് ഇടിഞ്ഞും, ടാറിംഗ് പൊളിഞ്ഞും തകർന്ന തരിപ്പണമായി കിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ മാറാടി പഞ്ചായത്തും രാമമംഗലം പഞ്ചായത്തും സംയുക്തമായി സമരപരിപാടികൾ ആരംഭിക്കുമെന്ന് രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ, വൈസ് പ്രസിഡന്റ് മേരി എൽദോസ് എന്നിവർ പറഞ്ഞു. റോഡരികുകളിൽ ക്രോസ് ബാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഒരുക്കി യാത്ര സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.