ആലുവ മിനി സിവിൽസ്റ്റേഷനിൽ ലിഫ്റ്റ് വീണ്ടും പണിമുടക്കി : ഇത്തവണ കുടുങ്ങിയത് രണ്ടു യുവാക്കൾ
1579041
Sunday, July 27, 2025 4:27 AM IST
വയോജനങ്ങളും ഭിന്നശേഷിക്കാരും ദുരിതത്തിൽ *ഇതുവരെ കുടുങ്ങിയത് പത്തോളം പേർ
ആലുവ: ആലുവ മിനി സിവിൽസ്റ്റേഷനിലെ ലിഫ്റ്റിൽ വീണ്ടും സന്ദർശകർ കുടുങ്ങി. ഇത്തവണ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ലേണേഴ്സ് ടെസ്റ്റിന് എത്തിയ യുവാക്കളാണ് അര മണിക്കൂറോളം കുടുങ്ങിയത്. ആലുവ ഫയർഫോഴ്സെത്തി ഇരുവരേയും ഒന്നാം നിലയിൽ നിന്ന് രക്ഷിച്ചു.
ആലുവ കുന്നത്തേരി സ്വദേശികളായ പി.എൻ. അസ്ലം, ഇ.എ. നിഹാദ് എന്നിവരാണ് കുടുങ്ങിയത്. ലിഫ്റ്റിൽ കുടുങ്ങിയതോടെ ഇവർ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്തിനെ വിളിച്ചു. സാബുവാണ് ഫയർഫോഴ്സിനെ വിളിച്ചറിയിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ലിഫ്റ്റ് വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്താതിനാൽ കഴിഞ്ഞ പത്ത് വർഷമായി പത്തോളം തവണയാണ് പലരും മണിക്കൂറുകളോളം കുടുങ്ങുന്നത്. വയോധികരും സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭയന്ന് നിലവിളിച്ചവരും ഉണ്ട്.
ഇനി ആറു മാസമെങ്കിലും കഴിയും അറ്റകുറ്റപ്പണി നടക്കാൻ. ഗുണനിലവാരം കുറഞ്ഞ ലിഫ്റ്റ് സംവിധാനം മാറ്റി എത്രയും വേഗം നിലവാരമുള്ള ലിഫ്റ്റ് സ്ഥാപിക്കണമെന്ന് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ലിഫ്റ്റിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആലുവ എംഎൽഎ അൻവർ സാദത്തും ഓരോ അപകടത്തിന് ശേഷവും പറയാറുമുണ്ട്.
ആലുവ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ലിഫ്റ്റ് വീണ്ടും വീണ്ടും തകരാറിലാകുന്നത് കാരണം പ്രായമുള്ളവരും ശാരീരിക പരിമിതിയുള്ളവരുമാണ് ഏറെ ദുരിതത്തിലാകുന്നത്. താലൂക്ക് ഓഫീസടക്കം നിരവധി സ്ഥാപനങ്ങളാണ് മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ഏറ്റവും കൂടുതൽ പേർ വരുന്ന എംപ്ലോയ്മെന്റ് ഓഫീസ്, ജോയിന്റ് ആർടി ഓഫീസ് തുടങ്ങിയവയും മൂന്നാം നിലയിലാണ്. നിലവാരം കുറഞ്ഞ ലിഫ്റ്റ് സ്ഥാപിച്ചതാണ് തുടർച്ചയായി കേടാകാൻ കാരണമെന്ന് ജനങ്ങൾ ആരോപിക്കുന്നു. എന്നാൽ സമയബന്ധിതമായി സർവീസ് നടത്താത്തതാണ് ലിഫ്റ്റ് ഇടയ്ക്കിടയ്ക്ക് കേടാകാൻ കാരണമെന്ന് ജീവനക്കാരും പറയുന്നു.
ലിഫ്റ്റിന്റെ സേവനം വർഷത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് സന്ദർശകർക്ക് ലഭിക്കുന്നത്. ഇപ്പോൾ പഴയ മേശ ഉപയോഗിച്ച് ലിഫ്റ്റ് തടസപ്പെടുത്തി വച്ചിരിക്കുകയാണ്.