പിറവം ടൗണിന് നടുവിൽ കക്കൂസ് മാലിന്യം തള്ളി
1578925
Saturday, July 26, 2025 5:05 AM IST
പിറവം: ടൗണിന്റെ നടുവിൽ റോഡ് സൈഡിൽ അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാവിലെ പുലർന്നപ്പോൾ റോഡ് സൈഡിലും, സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ മഴ പെയ്യാത്തതിനെ തുടർന്ന് മാലിന്യം ഒഴുകിപ്പോകാതെ ഇവിടെ കെട്ടിക്കിടന്നു. മാർക്കറ്റിന് സമീപം തിരക്കേറിയ മുവാറ്റുപുഴ, കൂത്താട്ടുകുളം റോഡ് സൈഡിലാണ് മാലിന്യം തള്ളിയത്. ഇവിടെ പൊളിച്ചു കളഞ്ഞ കെട്ടിടത്തിന്റെ തറ ഭാഗത്തേയ്ക്കാണ് പൈപ്പിലൂടെ മാലിന്യം ചൊരിഞ്ഞിരിക്കുന്നത്.
മാർക്കറ്റ് ഭാഗത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രാവിലെയെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഇതാദ്യം കണ്ടത്. ഉടനെ നഗരസഭ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി. അർധരാത്രിയിൽ മാലിന്യവുമായി എത്തിയ ലോറി, സൈഡിൽ ചേർത്ത് നിർത്തി പുറത്തേയ്ക്ക് തള്ളുകയായിരുന്നുവെന്ന് കരുതുന്നു.