ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1578442
Thursday, July 24, 2025 5:03 AM IST
വഴിത്തല : ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും ലയണ്‍സ് ഡിസ്ട്രിക്ട് 318സി മുൻ ഗവർണർ രാജേഷ് കൊളാരിക്കൽ നിർവഹിച്ചു.
സേവന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും അംഗവുമായ ഉല്ലാസ് തോമസ് നിർവഹിച്ചു. ഫ്രാൻസിസ് ആൻഡ്രൂസ് -പ്രസിഡന്റ്, പി.സി സേതുനാഥ് -സെക്രട്ടറി, സണ്ണി ജോസഫ് -ട്രഷറർ എന്നിവരും മറ്റ് ഭരണസമിതിയംഗങ്ങളും സമ്മേളനത്തിൽ സ്ഥാനമേറ്റു. ഭവനരഹിതർക്കുള്ള സ്നേഹവീട്,
ഹൈസ്കൂളുകളിൽ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വിതരണം, ഇ-മാലിന്യ ശേഖരണം, കരിയർ മാപ്പിംഗ്, വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം, കുട്ടികളുടെ നേത്ര സംരക്ഷണത്തിനുള്ള ക്യാന്പുകൾ, മെഡിക്കൽ ക്യാന്പുകൾ, വിദ്യാലയങ്ങൾക്കുള്ള ഡിജിറ്റൽ ലൈബ്രറി, ട്രാഫിക് സിഗ്നൽ സ്ഥാപിക്കൽ, കുട്ടികളിലെ കാൻസർ നിർമാർജനം, രോഗികൾക്കുള്ള സഹായം, ദാരിദ്ര്യനിർമാർജനം തുടങ്ങി വിവിധ മേഖലകളിലായി സാമൂഹ്യ സേവന പദ്ധതികൾ ഈ വർഷം നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രഫ. സാംസണ് തോമസ് ലോഗോ പ്രകാശനം ചെയ്തു. വഴിത്തല ശാന്തിഗിരി കോളജിലും സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം വിജു വാതക്കാട്ടിൽ നിർവഹിച്ചു.