കോടതി പറഞ്ഞിട്ടും രക്ഷയില്ല; സ്വകാര്യ ബസുകള്‍ പറക്കുന്നു
1579035
Sunday, July 27, 2025 4:27 AM IST
കൊച്ചി: യാത്രക്കാരുടെ ജീവന് വിലകല്‍പ്പിക്കാതെ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ മത്സരയോട്ടം തുടരുകയാണ്. തിരക്കുള്ള സമയങ്ങളിലടക്കം അമിത വേഗതയിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. പ്രതിഷേധം അറിയിച്ചിട്ടും പരാതിപ്പെട്ടിട്ടും വേഗത കുറയ്ക്കാനോ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനോ പല ബസ് ജീവനക്കാരും തയാറാകുന്നില്ല.
സമയക്രമം പാലിക്കുന്നതിന്റെ ഭാഗമായാണ് വേഗതയില്‍ സര്‍വീസ് നടത്തേണ്ടി വരുന്നതെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാല്‍ ഇവ പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു. വേഗത കൂടുന്നതോടെ നിയമലംഘനങ്ങളും വർധിക്കുകയാണ്. ട്രാഫിക് സിഗ്നലുകളില്‍ വാഹനം തിരുകികയറ്റൽ, ബസിന്റെ ഡോറില്‍ അടിച്ചും നിറുത്താതെ ഹോണ്‍ മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ സ്ഥിരം കാഴ്ചയാണ്.
മത്സരയോട്ടം നടത്തുന്നതിനിടെ പലപ്പോഴും സ്റ്റോപ്പില്‍ നിന്ന് മാറിയാണ് ബസുകൾ നിർത്തുന്നത്. യാത്രക്കാർ വാതില്‍പ്പടിയിൽ കാല് വയ്ക്കുന്ന നിമിഷം ബസ് എടുക്കുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, പ്രായമായവര്‍ തുടങ്ങിയവരാണ് അപകടത്തിൽപ്പെടുന്നവരിൽ അധികവും. ജോലിക്കിടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ബസ് ജീവനക്കാർ ഉണ്ടെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ ഏറ്റുമുട്ടുന്നതും ബസ് ആക്രമിക്കുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നഗരത്തില്‍ അമിത വേഗതയില്‍ പാഞ്ഞ ബസ് ഡ്രൈവറുടെയും വാതില്‍ അടയ്ക്കാതെ സര്‍വീസ് നടത്തിയ ബസ് ഡ്രൈവറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.
വാതില്‍ അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെത്തുടര്‍ന്ന് വാഹനത്തിനുള്ളില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് യുവാവിന് ജീവന് നഷ്ടമാകുന്ന സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോടതി നിര്‍ദേശത്തിന് പുല്ലുവില
നഗര പരിധിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്യുന്നതിനു ഹൈക്കോടതിയുടെ നിരോധനം ഉണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല. റോഡ് നിറഞ്ഞു ബസുകള്‍ ഓടിക്കുന്നതിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നിര്‍ബന്ധമായും ഇടതു ഭാഗത്തു കൂടി മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നായിരുന്നു കോടതിയുടെ പ്രധാന നിര്‍ദേശം.
നഗര പരിധിയില്‍ ഓവര്‍ടേക്കിംഗ് പാടില്ലെന്നും ഹോണ്‍ മുഴക്കരുതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമയത്തിന്റെ പേരില്‍ പോര് തുടരുന്ന സ്വകാര്യ ബസുകളില്‍ പലതും നഗരത്തിലുടനീളം ഹോണ്‍ നീട്ടി മുഴക്കിയാണ് സര്‍വീസ് നടത്തുന്നത്.
സിഗ്നലുകളിലടക്കം ഓവര്‍ടേക്കിംഗും സ്ഥിരം കാഴചയണ്. 2022 ജൂണ്‍ ഒന്നിനാണ് ഹൈക്കോടതി ബസുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.