ഫ്ലാറ്റ് പണയ തട്ടിപ്പ് : പ്രധാനിയെ പിടികൂടാനാകാതെ അന്വേഷണസംഘം
1578694
Friday, July 25, 2025 5:17 AM IST
കാക്കനാട്: ഉടമകളിൽ നിന്ന് ഫ്ലാറ്റുകൾ വാടകയ്ക്കെടുത്തശേഷം ഇവ പണയത്തിനു മറിച്ചു നൽകി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ പ്രധാന പ്രതിയെ പിടികൂടാനാകാതെഅന്വേഷണസംഘം.
കേസിലെ ഒന്നാം പ്രതി പി.കെ. ആശ (54)യെയാണ് ഇപ്പോഴും അന്വേഷണസംഘം തെരയുന്നത്. രണ്ടാം പ്രതി മിന്റു കെ. മാണി (37) ഈ മാസമാദ്യവും മറ്റൊരു പ്രതി സാന്ദ്ര (24) രണ്ടു ദിവസം മുന്‍പും പിടിയിലായിരുന്നു. ഇവര്‍ക്കെതിരെ നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം പരാതികളുണ്ടെന്നാണ് വിവരം.
ആശയും സാന്ദ്രയും ചേര്‍ന്ന് വാഴക്കാല കേന്ദ്രീകരിച്ച് നടത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരിലാണ് തട്ടിപ്പിന്റെ തുടക്കമെന്നാണ് പോലീസ് പറയുന്നത്. വാടകക്കാരെ കണ്ടുപിടിക്കുന്ന ബ്രോക്കറും കൂട്ടാളിയുമാണ് മിന്റു. കാക്കനാടും പരിസരപ്രദേശങ്ങളിലുമുള്ള ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്താണ് ആദ്യമായി ഈ സംഘം തട്ടിപ്പിനു തുടക്കമിട്ടത്.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഫ്ളാറ്റ് സമുച്ചയങ്ങൾ പലതും വാടകയ്ക്കെടുത്തും പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നു. ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നല്‍കും. 11 മാസത്തേക്കാണ് പാട്ടക്കാലാവധി. ആവശ്യക്കാരുടെ 'സ്റ്റാറ്റസ്' അനുസരിച്ചാണ് പാട്ടത്തുക തീരുമാനിച്ചിരുന്നത്.
ഇവരുടെ വലയിൽപെട്ട് പണം നല്കിയ രണ്ടു പേർ കാക്കനാട്ടെ മാണിക്കുളങ്ങര റോഡിലുള്ള ഫ്ളാറ്റിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
ലീസിന് എടുക്കാന്‍ ഒരാൾ 6.5 ലക്ഷവും രണ്ടാമത്തെയാൾ എട്ടു ലക്ഷം രൂപയും നല്‍കിയിരുന്നു. ഇവരിൽ ഒരാൾ കുടുംബത്തോടൊപ്പമെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. മുഖ്യപ്രതിയെ പിടികൂടാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് തടിപ്പിനിരയായവർ പറയുന്നത്.