കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട്
1579047
Sunday, July 27, 2025 4:39 AM IST
കൊച്ചി: കനത്ത മഴയിൽ ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട്. ചിലയിടങ്ങളിൽ റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതക്കുരുക്കിനും അതു കാരണമായിട്ടുണ്ട്.
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ11-ാം വാർഡിലെ എയർപോർട്ട്-മസ്ജിദ് പഞ്ചായത്ത് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് കാരണം കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. റോഡിന്റെ ഇരുവശവും കാന ഇല്ലാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണം. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും എയർപോർട്ടിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഈ വഴിയിലൂടെ പോകുന്നത്.
പറവൂർ: മഴ നിർത്താതെ പെയ്തതോടെ നഗരവും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലായി. നഗരത്തിൽ മുനിസിപ്പൽ കവല, ചേന്ദമംഗലം കവല റോഡും കച്ചേരി മൈതാനിയുടെ മുന്നിലുള്ള ഭാഗവും പുഴ പോലെയായി. പുല്ലംകുളം സ്കൂളിന് മുന്നിലൂടെയുള്ള ഫോർട്ട് റോഡും വെള്ളത്തിലാണ്.
സി. മാധവൻ റോഡിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ദേശീയപാത നിർമാണം നടക്കുന്ന തെക്കേനാലുവഴി ഉൾപ്പെടെ പല മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. പഞ്ചായത്തുകളുടെ പ്രദേശങ്ങളിലും ഒട്ടേറെ ഇടറോഡുകൾ വെള്ളത്തിലായി. റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതു കാൽനടയാത്രയും വാഹനയാത്രയും ദുഷ്കരമാക്കുന്നു.
മഴ തുടർന്നാൽ പെയ്ത്ത് വെള്ളം വീടുകളിലേക്ക് കയറാനുള്ള സാധ്യത പലയിടത്തുമുണ്ട്. ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാന്പുകൾ തുറക്കാനുള്ള നിർദേശം അതതു വില്ലേജ് ഓഫീസർമാർക്കു നൽകിയതായി തഹസിൽദാർ പറഞ്ഞു. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0484-2442325, 0484 2972817.
തൃപ്പൂണിത്തുറ: കനത്ത മഴയിൽ റോഡ് പുഴയായി. തൃപ്പൂണിത്തുറ കോട്ടയ്ക്കകം-വടക്കേക്കോട്ട റോഡ് ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയോടെ വെള്ളക്കെട്ടിലായി. കോട്ടവാതിൽ മുതൽ വടക്കേക്കോട്ട ജംഗ്ഷൻ വരെയുള്ള റോഡ് പുഴ കണക്കെയാണ് നിറഞ്ഞൊഴുകിയത്. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർ വെള്ളം കയറി എൻജിൻ നിലച്ചതിനെ തുടർന്ന് വെള്ളത്തിലൂടെ വാഹനം തള്ളിക്കൊണ്ടാണ് ഇവിടം കടന്നത്.
ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുമ്പോൾ റോഡിനിരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വീടുകളിലേയ്ക്കും വെള്ളം തിരമാല കണക്കെയാണ് അടിച്ചു കയറിക്കൊണ്ടിരുന്നത്. വൈകിട്ട് വരെ ഇവിടെ വെള്ളക്കെട്ട് തുടർന്നു. സീപോർട്ട് എയർപോർട്ട് റോഡ് കരിങ്ങാച്ചിറ ജംഗ്ഷനിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇവിടെ മുട്ടോളം വെള്ളത്തിലാണ് ബസ് സ്റ്റോപ്പിൽ യാത്രക്കാർ നിന്നത്.
തുടർച്ചയായി പെയ്ത മഴയിൽ പള്ളിപ്പറമ്പ്കാവ് കോൺവെന്റ് റോഡും വെള്ളത്തിൽ മുങ്ങി. ഇവിടെ കാനയും റോഡും തിരിച്ചറിയാകാനാകാത്ത വിധമാണ് വെള്ളം പൊങ്ങിയത്. എം.കെ.കെ. നായർ നഗറിലെ വീടുകളിലും വെള്ളം കയറി. തെക്കുംഭാഗം, എരൂർ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.
കളമശേരി: രണ്ട് ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയിൽ കളമശേരി മേഖലയിൽ വ്യാപക വെള്ളക്കെട്ടും, ദേശീയപാതയിലടക്കം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ദേശീയപാത , വി.പി. മരക്കാർ റോഡ്, പി.ആർ. തങ്കപ്പൻ റോഡ്, മൂലേപ്പാടം, ദേശീയപാതയിലെ ടിവിഎസ് ജംഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി ടോൾ ദേശീയപാതയിലും, എച്ച് എം ടി ജംഷനിലും രാവിലെ മുതൽവാഹന ഗതാഗതക്കുരുക്ക് തുടരുന്നു.
പെരുമ്പാവൂർ: പെരുമ്പാവൂരിന്റെ വിവിധ മേഖലകളിൽ മഴക്കെടുതിയിൽ മരങ്ങൾ മറിഞ്ഞ് വീണ് ഉണ്ടായ ഗതാഗത തടസങ്ങൾ നീക്കം ചെയ്ത് പെരുമ്പാവൂർ ഫയർഫോഴ്സ്. പട്ടിപ്പാറ, വായ്ക്കര, പറമ്പിപ്പീടിക എന്നിവിടങ്ങളിൽ കെഎസ്ഇബി ലൈനിലും റോഡിലുമായി വീണ മരങ്ങളാണ് ഫയർ ഫോഴ്സ് മുറിച്ചു മാറ്റിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ. ഉബാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എം. ഇബ്രാഹിം, ടി.പി. അരുൺ, സി. ആദർശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി.എസ്. ഉമേഷ് എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.