എൻ. അരുണ്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി
1578897
Saturday, July 26, 2025 4:37 AM IST
കോതമംഗലം: സിപിഐ എറണാകുളം ജില്ല സെക്രട്ടറിയായി എൻ. അരുണിനെ(41) തെരഞ്ഞെടുത്തു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ജില്ലാ സമ്മേളനം സിപിഐ എറണാകുളം ജില്ലാ കൗണ്‍സിൽ അംഗങ്ങളായി 51 പേരെയും 33 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം, കേരള ചലച്ചിത്രഅക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു അരുൺ. കേരള ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
മൂവാറ്റുപുഴ തൃക്കളത്തൂർ പുതുശേരിൽ പി.കെ നീലകണ്ഠൻ നായർ - സുശീല ദന്പതികളുടെ മകനാണ്. അധ്യാപികയായ ശാരിയാണ് അരുണിന്റെ ഭാര്യ. മകൻ : അധ്യുത് (വിദ്യാർഥി). എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറിയേറ്റംഗം, എഐവൈഎഫ് ജില്ലാ സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലും അരുണ്‍ പ്രവർത്തിച്ചു. 2017ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജനോത്സവത്തിൽ പങ്കെടുത്തു. ഏഴ് ഡോക്യുമെന്ററികളും ടെലിഫിലിമുകളും എഴുതി സംവിധാനം ചെയ്തു.
നിരവധി അവാർഡുകൾ നേടിയ വിദേശ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയ ’അവകാശികൾ’ എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണ് അരുണ്‍. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ട്.