കോളജ് അധ്യാപികയെ ആക്രമിക്കാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ
1578908
Saturday, July 26, 2025 4:48 AM IST
ആലുവ: കോളേജധ്യാപികയായ ഭാര്യയെ വീട്ടിൽ കയറി അക്രമിക്കാനൊരുങ്ങിയെന്ന പരാതിയിൽ ഭർത്താവിനെ ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം സ്വദേശി വൈശാഖിനെയാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷം മുമ്പ് അധ്യാപികയും വൈശാഖും തമ്മിൽ പ്രണയത്തിലാകുകയും വിവാഹിതരാകുകയുമായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്.
ലഹരിക്കടിമയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഇവർ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ രാത്രി വൈശാഖ് ഇവരുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും വീടിനു നേരെ അക്രമം നടത്തിയെന്നുമാണ് പരാതി. അക്രമത്തിന്റെ ദൃശ്യം സഹിതം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
അധ്യാപികയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കും.