അപകട ഭീഷണിയുയർത്തി പിറവം ആശുപത്രിക്ക് മുന്നിൽ മരങ്ങൾ
1578917
Saturday, July 26, 2025 5:00 AM IST
പിറവം: താലൂക്ക് ആശുപത്രിക്ക് മുന്നിൽ റോഡരികിലെ തണൽ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നു. മരത്തിന്റെ കൊന്പുകൾക്കിടയിലൂടെയാണ് വൈദ്യുതി ലൈനുകൾ കടന്നു പോകുന്നത്. നടക്കാവ് ഹൈവേയുടെ റോഡരികിലാണ് വഴിയാത്രക്കാർക്കും, ആശുപത്രിയിലെത്തുന്ന രോഗികൾക്കും, വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയുയർത്തി രണ്ട് തണൽ മരങ്ങളും.
മരങ്ങളുടെ അടിഭാഗം ദ്രവിച്ചയവസ്ഥയിലാണ്. കാറ്റ് വീശുന്പോൾ മരങ്ങൾ ആടിയുലയുന്നത് ഏറെ ഭീതിയുളവാക്കുന്നു. സമീപത്തെ വ്യാപാരികൾ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും, ഇവർ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. മരങ്ങളുടെ ചുവട്ടിലായി വെയ്റ്റിംഗ് ഷെഡുമുണ്ട്.
സമീപത്തു തന്നെയാണ് ഓട്ടോറിക്ഷ സ്റ്റാന്റും. ഇതെല്ലാം കണക്കിലെടുത്ത് എത്രയും വേഗം മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റവന്യു, നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടുള്ളതാണെങ്കിലും അധികൃതർ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുണ്ട്.