ട്രോളിംഗ് നിരോധനം കഴിയാൻ ദിവസങ്ങൾ മാത്രം; കടലിലേക്ക് കണ്ണുംനട്ട് യാനങ്ങൾ
1578894
Saturday, July 26, 2025 4:37 AM IST
ഫോർട്ടുകൊച്ചി: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മത്സ്യബന്ധനത്തിന് കടലിൽ പോകാനുള്ള ഒരുക്കത്തിലാണ് യാനങ്ങൾ. 52 ദിവസം നീണ്ടുനിന്ന നിരോധനം 31ന് അർധരാത്രിയോടെ തീരും. തുടർന്ന് ബോട്ടുകൾക്ക് കടലിൽഇറങ്ങാം. പുത്തൻ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ ഹാർബറുകളിൽ നിന്ന് മത്സ്യബന്ധനത്തിനായി ഒരുങ്ങുന്നത്.
ജില്ലയിൽ 700 ട്രോളിംഗ് ബോട്ടുകൾ, 75 പെർസിൻ, 300 ചൂണ്ട ബോട്ടുകൾ എന്നിവയാണ് കടലിലേക്ക് പോകുന്നത്. അടച്ചിട്ട ഡീസൽ പമ്പുകളും ഐസ് ഫാക്ടറികളും ഉടൻ സജീവമാകും. ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ വലകളുടെ പണികള്‍ തീര്‍ത്ത് തിരികെ എത്തിക്കുന്നതിനുള്ള ജോലികളും തകൃതിയായി നടക്കുന്നു.
കുളച്ചൽ, തൂത്തൂർ, നാഗപട്ടണം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തുന്നതോടെ ഹാർബറുകളിൽ ഉത്സവാന്തരീക്ഷമാകും. മത്സ്യ ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയയിലാണ് തൊഴിലാളികൾ.
ബോട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ബോട്ടുടമകൾ ചെലവഴിച്ചത്. അതേസമയം നിരോധനം 45 ദിവസം പിന്നിട്ടിട്ടും പരമ്പരാഗതക്കാർ കടലമ്മയുടെ കനിവ് ലഭിക്കാത്ത നിരാശയിലാണ്ചെറുതും വലുതുമായ 6000ത്തിലെറെ പരമ്പരാഗത വള്ളങ്ങളാണ് കേരള തീരത്ത് പ്രവർത്തിക്കുന്നതെന്നാണ് കണക്ക്.
തീരക്കടലിൽ നിന്ന് മികച്ച മത്സ്യയിനങ്ങൾ അകന്നു മാറിയതായാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യങ്ങളുടെ ഉയർന്ന വിലയിലും കാര്യമായ നേട്ടം കൊയ്യാൻ കഴിയാത്ത സാഹചര്യമാണ് തീരദേശ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കെന്ന് സംഘടനകളും ചൂണ്ടിക്കാട്ടുന്നു.