പേമാരി... കെടുതി
1579033
Sunday, July 27, 2025 4:27 AM IST
പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു
കൊച്ചി: ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം. നഗരമേഖലകളില്‍ വെളക്കെട്ട് രൂക്ഷമായപ്പോള്‍ മലയോരമേഖലകളിലടക്കം മരം ഒടിഞ്ഞുവീണും വൈദ്യുതി കമ്പികള്‍ പൊട്ടിവീണുമൊക്കെയാണ് നാശനഷ്ടങ്ങളുണ്ടായത്. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. ജില്ലയിലെ ഡാമുകളിലും വെള്ളം നിറയുകയാണ്.
തൃപ്പൂണിത്തുറയില്‍ കുരീക്കാട് ഫാക്ടിന്റെ പ്രധാന കവാടത്തിനു മുന്നില്‍ മരം റോഡിലേക്ക് ഒടിഞ്ഞുവീണ് വൈദ്യുതി കമ്പികള്‍ പൊട്ടി. ഫാക്ടിന്റെ വളപ്പിൽ നിന്ന മരമാണ് ഒടിഞ്ഞുവീണത്. ലൈന്‍കമ്പികള്‍ പൊട്ടിയതോടെ പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു.
മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് മരം നീക്കി മേഖലയിലെ ഗതാഗതം പുനസ്ഥാപിക്കാനായത്. ചെട്ടിക്കോട് പാലത്തിന് സമീപം വൈദ്യുതി ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. പറവൂര്‍ താലൂക്കില്‍ പുത്തന്‍വേലിക്കര വില്ലേജില്‍ താഴഞ്ചിറ മാളവന റോഡില്‍ മരം റോഡിലേക്ക് വീണ് ലൈന്‍ കമ്പി പൊട്ടി.
നേര്യമംഗലത്ത് ദേശീയപാതയില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നെല്ലിക്കുഴി, കീരമ്പാറ എന്നിവടങ്ങളിലും റോഡിലേക്ക് മരം വീണു വൈദ്യുത കമ്പികള്‍ പൊട്ടി. പെരുമ്പാവൂരില്‍ രായമംഗലം, തൈക്കാവ്, കീഴിലം മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞുവീണു.
ഏലൂര്‍ പടിഞ്ഞാറെ കടങ്ങല്ലൂര്‍ റോഡില്‍ മരം വീണ് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. പട്ടിമറ്റം മഴുവന്നൂരില്‍ വൈദ്യുത ലൈനിലേക്ക് മരം ഒടിഞ്ഞുവീണു. പിറവം കരുക്കാവില്‍ റോഡിലേക്ക് മരം വീണു ഗതാഗതം തടസപ്പെട്ടു. മുളന്തുരുത്തിയില്‍ പരസ്യബോര്‍ഡ് കാറ്റില്‍ ഇളകി വീണു. ആളപായമില്ല.
വൈപ്പിന്‍ എടവനക്കാട് വില്ലേജ് ഓഫീസിനു പിന്നിലുള്ള അണിയല് ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. പോലീസും അഗ്നിരക്ഷാ സേനയുമെത്തി ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും താമസക്കാര്‍ വീടുവിട്ടുപോകാന്‍ കൂട്ടാക്കിയില്ല. മഴ അല്പമൊന്ന് ശമിച്ചപ്പോള്‍ കടല്‍ പിൻവലിഞ്ഞതോടെയാണ് വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയത്. കൊച്ചി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ഇപ്പോഴുള്ളത്. ഇവിടെ ഏഴ് കുടുംബങ്ങള്‍ നിലവിലുണ്ട്.
19 വീടുകള്‍ക്ക് നാശനഷ്ടം
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിയില്‍ ജില്ലയില്‍ 19 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇന്നലെ പത്ത് വീടുകള്‍ക്കും വെള്ളിയാഴ്ച ഒമ്പത് വീടുകള്‍ക്കുമാണ് നാശനഷ്ടമുണ്ടായത്. ഇതോടെ മേയ് 24ന് ആരംഭിച്ച കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 336 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇതില്‍ എട്ടു വീടുകള്‍ പൂര്‍ണമായും 328 വീടുകള്‍ ഭാഗികമായും നശിച്ചു.
പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു
രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കാലടിപ്പുഴയില്‍ 5.270 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവ പുഴയില്‍ 2.540 മീറ്ററും, മംഗലപ്പുഴയില്‍ 2.630 മീറ്ററും ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയില്‍ അപകടനിലയ്ക്ക് തൊട്ടുതാഴെയായി ജലനിരപ്പ്.
മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു
മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ പൂര്‍ണമായും നിരോധിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മരംവീഴ്ച, വെളളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്കി.
വെള്ളക്കെട്ടില്‍ മുങ്ങി നഗരം
ഇന്നലെ രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ നഗരം വെള്ളക്കെട്ടിലായി. പതിവ് പോലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് രാവിലെ മുതല്‍ വെള്ളക്കെട്ടിലായിരുന്നു. സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ തയാറാകാതെ യാത്രക്കാര്‍ സ്റ്റാന്‍ഡിന് പുറത്തു നിന്നാണ് ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്തത്. സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
എംജി റോഡില്‍ ജോസ് ജംഗ്ഷന്, മഹാരാജാസ് ഗ്രൗണ്ടിന് മുന്‍വശം, എം.ജി റോഡ് മെട്രോ സ്റ്റേഷന് മുന്‍വശം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലാഭവന്‍ റോഡും തമ്മനം-പുല്ലേപ്പടി റോഡില്‍ താഴ്ന്ന ഭാഗങ്ങളിലും വെള്ളത്തിലായി.
കലൂര്‍-കടവന്ത്ര റോഡില്‍ കതൃക്കടവ് ഭാഗത്തും കടവന്ത്ര ഭാഗത്തുമൊക്കെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വൈറ്റില ഹബ്ബിലേക്ക് പ്രവേശിക്കുകയും പുറത്തേക്ക് കടക്കുകയും ചെയ്യുന്ന ഭാഗത്ത് വെള്ളംകെട്ടിക്കിടന്ന് യാത്ര ദുര്‍ഘടമാക്കി.