പെറ്റിക്കേസുകളിൽ തട്ടിപ്പ്: വനിതാ സിവിൽ പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തേക്കും
1578913
Saturday, July 26, 2025 5:00 AM IST
മൂവാറ്റുപുഴ : പെറ്റിക്കേസുകളിൽ പിഴയായി ലഭിച്ച തുകയിൽ 16,76,650 രൂപ തട്ടിയെടുത്ത വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസ് ഉദ്യോഗസ്ഥ പ്രതിയായി പോലീസിന് നാണക്കേടുണ്ടാക്കിയ കേസിൽ പഴുതടച്ചുള്ള അന്വേഷണമാണ് പ്രത്യേക സംഘം നടത്തുന്നത്. സംഭവുമായി ബന്ധപ്പെട്ട് വാഴക്കുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥ ശാന്തി കൃഷ്ണനെ സർവീസിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഇവർ കുറ്റം നിഷേധിക്കുകയും മറ്റ് പോലീസ് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് നടത്തിയതെന്ന് ആരോപിക്കുകയും ചെയ്തതോടെ ശാസ്ത്രീയ അന്വേഷണമാണ് നടത്തുന്നത്. ഉദ്യോഗസ്ഥയുടെ കൈയക്ഷരം ഉൾപ്പെടെ പരിശോധിക്കും. ഇവർ മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്റർ ആയിരിക്കെയായിരുന്നു പണം കവർന്നത്.
ഗതാഗത നിയമ ലംഘനത്തിന് പിഴയായി അടപ്പിച്ച തുക ബാങ്കിൽ കൃത്യമായി അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. ശാന്തി കൃഷ്ണൻ മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്ന് മാറി വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നതിനിടെയാണ് തട്ടിപ്പ് പുറത്തു വന്നത്.