ആലുവ പുറയാർ റെയിൽവേ ഗേറ്റിനുള്ളിൽ റോഡ് നിറയെ കുഴികൾ
1578903
Saturday, July 26, 2025 4:48 AM IST
ആലുവ: പുറയാർ റെയിൽവേ ഗേറ്റിനുള്ളിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതിനാൽ അപകടം വിതച്ച് വലിയ കുഴികൾ രൂപപ്പെട്ടു. റെയിൽവേ ഗേറ്റിനുള്ളിലും പ്രവേശന ഭാഗത്തും ടാറിംഗും മെറ്റലും ഇളകിയാണ് വലിയ കുഴികൾ ഉണ്ടായിരിക്കുന്നത്.
പലപ്പോഴും ഇരുചക്രവാഹന യാത്രികർ കുഴിയിൽ തെന്നി വീഴുന്നതായി പരാതിയുണ്ട്. പലരും നിസാര പരിക്കുകളോടെയാണ് രക്ഷപ്പെടുന്നത്. കുഴികൾ മൂലം റെയിൽവേ ഗേറ്റിൽ ഗതാഗതക്കുരുക്കും ഏറിയിട്ടുണ്ട്.
ഗതാഗതക്കുരുക്കു മൂലം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്ന ഇവിടെ ഗേറ്റ് മുറിച്ചുകടക്കാൻ നന്നേ പ്രയാസപ്പെടുകയാണ് വാഹന യാത്രികർ.
പാളത്തിനിരുവശവുമുള്ള കോൺക്രീറ്റ് സ്ലാബുകളും ഇളകിയാടുന്നതായും പരാതിയുണ്ട്. റെയിൽവേയുടെ പരിധിയിലുള്ള സ്ഥലമായതിനാൽ നാട്ടുകാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
റെയിൽവേ ഗേറ്റിനുള്ളിലും പ്രവേശന ഭാഗത്തുമുള്ള കുഴികൾ അടച്ച് റീടാറിംഗ് നടത്തി സുരക്ഷയൊരുക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി അധികൃതരോട് ആവശ്യപ്പെട്ടു.
photo
പുറയാർ റെയിൽവേ ഗേറ്റിനുള്ളിലെ കുഴികൾ.