അമിതവേഗവും അശ്രദ്ധയും: നിരത്തില്‍ പൊലിഞ്ഞത് 1,631 ജീവനുകള്‍
1579036
Sunday, July 27, 2025 4:27 AM IST
കൊച്ചി: അമിത വേഗവും അലക്ഷ്യമായ ഡ്രൈവിഗും മൂലമുള്ള അപകടങ്ങള്‍ ജില്ലയില്‍ പെരുകുന്നു. ഇന്നലെ എറണാകുളം നോര്‍ത്തില്‍ ടൗണ്‍ ഹാളിനു സമീപം നടന്ന അപകടത്തിലും അശ്രദ്ധയാണ് വില്ലനായത്. മഴ ആരംഭിച്ചതിനു പിന്നാലെ ജില്ലയില്‍ പത്തോളം പേര്‍ക്കാണ് വിവിധയിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ ജീവന് നഷ്ടമായത്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും ജില്ലയില്‍ കുറവില്ല. റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ 21,277 റോഡ് അപകടങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ അപകടങ്ങളില്‍ 1,631 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 24,226 പേര്‍ക്ക് പരിക്കേറ്റു. ഈ അപകടങ്ങളില്‍ 25 ശതമാനവും ജില്ലയില്‍ സംഭവിച്ചവയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം അപകടങ്ങളും, തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണ്.
കൊച്ചി സിറ്റിയില്‍ 164 അപകടങ്ങളും റൂറലില്‍ 306 അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറ്റിയില്‍ 172 പേര്‍ക്കും റൂറലില്‍ നടന്ന അപകടങ്ങളില്‍ 317 പേര്‍ക്കും ജീവന് നഷ്ടമായി. ജില്ലയിലാകെ 5,712 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സൈക്കിള്‍ തുടങ്ങി എല്‍പിജി ടാങ്കര്‍ ലോറികള്‍ വരെ അപകടത്തിന് കാരമായിട്ടുണ്ട്. 90 ശതമാനം അപകടങ്ങളും ഇരുചക്ര വാഹനങ്ങളുടെ അശ്രദ്ധ മൂലമാണെന്ന് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നതും, കാല്‍നട യാത്രക്കാരുടെ അശ്രദ്ധയും, തെരുവു നായ്ക്കളുടെ ആക്രമണം തുടങ്ങിയവയും വാഹനാപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.