ഡെങ്കിപ്പനി, ഇൻഫ്ലൂവന്‍സ : മഴയ്ക്ക് പിന്നാലെ പനി പടരുന്നു
1578900
Saturday, July 26, 2025 4:37 AM IST
കൊച്ചി: മഴ വീണ്ടും കനത്തതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികളും പടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയത് 3,770 പേരാണ്. ഇതില്‍ 28 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ ദിവസങ്ങളില്‍ 141 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സയും സ്ഥിരീകരിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. മൂന്ന് എലിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ, മഴുവന്നൂര്‍ മേഖലകളിലാണ് മരണം. പനിക്ക് ചികിത്സ തേടിയവരില്‍ 126 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളുണ്ട്. ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച് 34 പേരും, ചിക്കന്‍പോക്സ് ബാധിച്ച് 27 പേരും ജില്ലയില്‍ ചികിത്സയിലുണ്ട്.
മങ്ങാട്ടുമുക്ക്, മഴുവന്നൂര്‍, മൂലംകുഴി, നെട്ടൂര്‍, പട്ടിമറ്റം, പൊന്നുരുന്നി, പുതുവയ്പ് എന്നിവിടങ്ങളിലാണ് ഡെങ്കു സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയില്‍ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ജില്ലയില്‍ മഴ തുടരുന്നതിനാല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം.
ഡ്രൈഡേ കൃത്യമായി ആചരിക്കുക, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്ന സാഹചര്യം ഉണ്ടായാല്‍ പ്രത്യേകം പനി ക്ലിനിക്കുകള്‍ തുറക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
photo:
ജില്ലയില്‍ പനി വ്യാപകമായതിന് പിന്നാലെ കളമശേരി മെഡിക്കല്‍ കോളജ് ഒപിയില്‍ ചികിത്സ തേടിയെത്തിയവരുടെ തിരക്ക്.