സിപിഐ ജില്ലാ സമ്മേളനത്തിന് കോതമംഗലത്ത് തുടക്കമായി
1578692
Friday, July 25, 2025 5:17 AM IST
കോതമംഗലം: സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന് കോതമംഗലം കല ഓഡിറ്റോറിയത്തിൽ തുടക്കമായി. ജില്ലാ എക്സിക്യൂട്ടീവംഗമായിരുന്ന സി.എസ്. നാരായണൻ നായരുടെ കുത്തുകുഴിയിലെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖ യാത്ര സംസ്ഥാന കൗണ്‍സിലംഗം ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും വോളൻഡിയർമാർ ജില്ലാ സമ്മേളന നഗറിലെത്തിച്ച ദീപശിഖ സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം കെ.കെ. അഷറഫ് ഏറ്റുവാങ്ങി ദീപം തെളിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്, ജില്ലാ എക്സിക്യൂട്ടീവംഗം കെ.എൻ സുഗതൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിൽ അംഗം എൻ. അരുണ്‍ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ദേശീയ എക്സിക്യൂട്ടീവംഗം കെ.പി. രാജേന്ദ്രൻ, മന്ത്രിമാരായ കെ. രാജൻ, ജെ. ചിഞ്ചുറാണി, അസി. സെക്രട്ടറി പി.പി. സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകുന്നേരം നാലിന് ചുവപ്പുസേന പരേഡും വനിതാ റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും.
മുഖ്യമന്ത്രിക്കെതിരേ സിപിഐ
കോതമംഗലം: മുഖ്യമന്ത്രി പിണറായി വിജയന് ആഡംബരം കുറയ്ക്കണമെന്ന് സിപിഐ. ഇന്നലെ കോതമംഗലത്ത് ആരംഭിച്ച സിപിഐ ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രിക്ക് ലാളിത്യം വേണമെന്നും സമ്മേളനത്തില്‍ ആവശ്യമുയർന്നു.