ഏഴു ലക്ഷത്തിന്റെ അലങ്കാര ലൈറ്റുകള്‍ മോഷ്ടിച്ചവർ പിടിയില്‍
1579046
Sunday, July 27, 2025 4:39 AM IST
കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഏഴ് ലക്ഷം വില വരുന്ന ബൊള്ളാര്‍ഡ് ലൈറ്റുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി നിഹാര്‍ (40), എറണാകുളം കതൃക്കടവ് എ.പി. വര്‍ക്കി നഗര്‍ സ്വദേശി രാഘവന് (34) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ സൗന്ദര്യവത്കരണ ജോലികളുടെ ഭാഗമായി ലുമന്‍ എന്‍ജിനിയറിംഗ് എന്ന കമ്പനി സ്ഥാപിച്ച 40 ഓളം ബൊള്ളാര്‍ഡ് ലൈറ്റുകളാണ് ഈമാസം 12ന് പുലര്‍ച്ചെ നാലോടെ പ്രതികള്‍ മോഷ്ടിച്ചത്.
തൃശൂര്‍ സ്വദേശിയായ സംഗീത് എന്നയാള്‍ നല്കിയ പരാതിയില്‍ ദിവസങ്ങളായി പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റു അന്വേഷണങ്ങളിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചളിക്കവട്ടം ഭാഗത്ത് ബൈപ്പാസ് സര്‍വീസ് റോഡില്‍ മുച്ചക്ര വാഹനത്തില്‍ മോഷണമുതലുമായി പോകുമ്പോഴാണ് പ്രതികളെ പോലീസ് പിടികൂടിയത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.