കൊച്ചിയിൽ ബ്രേക്ക്ത്രൂ ഫലം കണ്ടില്ല; വെള്ളക്കെട്ട് തന്നെ
1579049
Sunday, July 27, 2025 4:39 AM IST
ഫോർട്ടുകൊച്ചി: ശക്തമായ മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. നഗരത്തിലെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ബ്രേക്ക് ത്രൂ പദ്ധതിക്ക് പത്തു കോടി രൂപ അനുവദിച്ചിട്ടും ഒന്നും നടന്നില്ലെന്ന് പ്രതിപക്ഷം കുറ്റപെടുത്തി.
തേവര-പേരണ്ടൂർ കനാലിന്റെ ചെളികോരൽ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. മഴക്കാലത്തിനു മുൻപേ വേനൽക്കാലത്ത് പൂർത്തീകരിക്കാൻ കഴിയുന്ന ജോലികൾ ഒന്നും പൂർത്തീകരിക്കാതെ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ന്യായീകരണങ്ങൾ നിരത്തി വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഭരണകക്ഷിയുടെ ജനവിരുദ്ധ നയമാണെന്നും നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ കനാൽ പുനരുദ്ധാരണ പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സെന്റ് ഭൂമി പോലും എടുക്കുന്നതിനോ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനോ കഴിയാത്തത് ഭരണത്തിന്റെ കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം അറിയിച്ചു.