വൈപ്പിനിൽ കടൽക്ഷോഭം ശക്തമായി
1579053
Sunday, July 27, 2025 4:51 AM IST
വൈപ്പിൻ : കാറ്റും മഴയും ശക്തമായതിനെ തുടർന്ന് വൈപ്പിൻ തീരത്ത് കടൽക്ഷോഭവും ശക്തമായി. എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത് റവന്യൂ അധികൃതരെയും ജില്ലാ കളക്ടറെയും വിവരമറിയിച്ചു.
ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി. താത്കാലിക ക്യാമ്പിനായി രണ്ട് സ്കൂളുകൾ സജ്ജമാക്കിയെങ്കിലും ദുരിതബാധിതർ ക്യാമ്പിലേക്ക് വരാൻ സന്നദ്ധരായില്ല. ഇന്നലത്തെ മഴയിലും കാറ്റിലും നായരമ്പലം , എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, മേഖലകളിലും കടൽ കയറി.
ചെറായി കാറ്റാടി ബീച്ച് ഭാഗത്തും വീടുകളിലും ഹോം സ്റ്റേകളിലും കടൽ കയറി. ഇവിടെ തീരദേശ റോഡ് മണൽ മൂടി ഗതാഗതം തടസപ്പെട്ടു കിടക്കുകയാണ്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് ഇടയിലൂടെയാണ് കടൽവെള്ളം അടിച്ചു കയറുന്നത്.
തിരകളെ തടുക്കാൻ എടവനക്കാട് നായരമ്പലം ഭാഗങ്ങളിൽ ഈയടുത്ത് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച താത്കാലിക സംവിധാനമായ ജിയോ ബാഗുകൾ പലയിടത്തും ഒലിച്ചുപോയി. ലക്ഷങ്ങൾ മുടക്കി നിർമിച്ച തീരദേശ റോഡിനും പലയിടത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.