ട്വന്റി 20യുടെ പ്രതിഷേധ മനുഷ്യച്ചങ്ങല ഇന്ന്
1579052
Sunday, July 27, 2025 4:39 AM IST
കിഴക്കമ്പലം: കിഴക്കമ്പലം -പോഞ്ഞാശേരി പിബ്ല്യുഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി 20 യുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം നാലിന് തൈക്കാവ് മുതൽ കിഴക്കമ്പലം വരെ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.
പോഞ്ഞാശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലുവർഷമായതായി പാർട്ടി ആരോപിച്ചു. പിബ്ല്യുഡി യുടെ ഉടമസ്ഥതയിൽ പെട്ട ഈ റോഡിൽ കിഴക്കമ്പലം പഞ്ചായത്തിന് യാതൊരു അധികാരവുമില്ലന്ന വസ്തുത മറച്ചുവെച്ചുകൊണ്ട് ട്വന്റി 20 ഭരണം മോശമാണെന്ന് വരുത്തി തീർക്കാനാണ് സ്ഥലം എംഎൽഎയുടെയും സിപിഎമ്മിന്റെയും ശ്രമമെന്ന് ട്വന്റി 20 ആരോപിച്ചു.
കിഴക്കമ്പലം മുതൽ തൈക്കാവ് വരെ മൂന്ന് കിലോമീറ്ററോളമാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. സഞ്ചാരയോഗ്യമായ റോഡ് ജനങ്ങളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രസ്താവനയിൽ അറിയിച്ചു. മനുഷ്യച്ചങ്ങലയ്ക്ക് പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ്, വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, നേതാക്കളായ അഡ്വ. ചാർളി പോൾ ,ജിബി എബ്രഹാം, ജിന്റോ ജോർജ്, ദീപക് രാജൻ, അഗസ്റ്റിൻ ആന്റണി തുടങ്ങിയവർ നേതൃത്വം നല്കും.
ശോച്യാവസ്ഥയ്ക്കു കാരണം പഞ്ചായത്തെന്ന് എംഎൽഎ
കിഴക്കമ്പലം : കഴിഞ്ഞ നാലു വർഷമായി കുണ്ടും കുഴിയുമായി കിടക്കുന്ന കിഴക്കമ്പലം പോഞ്ഞാശേ രി പിഡബ്ല്യു റോഡിന്റെ ശോച്യാവസ്ഥ തുടരുന്നതിന് കാരണം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണെന്ന് പി.വി. ശ്രീനിജൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. റോഡുമായി ബന്ധപ്പെട്ട നിർമാണവും ടെൻഡർ നടപടികളും കോടതിയും കേസും റോഡ് നന്നാക്കാനുള്ള അനിശ്ചിതത്വത്തിന് കാരണമായതായും എംഎൽഎ ആരോപിച്ചു.