പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നു; മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി
1579057
Sunday, July 27, 2025 4:51 AM IST
കോതമംഗലം: ശക്തമായ മഴയെതുടർന്ന് പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്ന് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്. പുഴകൾക്ക് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയി. കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാലിലും അട്ടിക്കളത്തും വീടുകൾക്ക് സമീപംവരെ വെള്ളമെത്തി. മഴ ശക്തമായി തുടർന്നാൽ വീടുകളിൽ വെള്ളം കയറും.
തങ്കളം ജവഹർ നഗർ ഉൾപ്പടെ വെള്ളം കയറാനുള്ള സാധ്യതയുള്ള പ്രദേശങ്ങൾ അധികൃതർ നിരീഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുമെന്നും തഹസിൽദാർ അറിയിച്ചു. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള യാത്ര മുടങ്ങിയതോടെ ആദിവാസി ഉന്നതികളും മണികണ്ഠൻചാലും ഒറ്റപ്പെട്ടു. ബ്ലാവന കടവിലെ ജങ്കാറും നിർത്തിവച്ചിരിക്കുകയാണ്.
കോതമംഗലം പുഴയിലും കുരൂർ തോട്ടിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കുടമുണ്ട പാലത്തിൽ വെള്ളം കയറിയത് യാത്ര ദുരിതത്തിലാക്കി. കീരന്പാറ പഞ്ചായത്തിലെ പാലമറ്റത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയാണ് മരം നീക്കിയത്.
നേര്യമംഗലം വില്ലാഞ്ചിറയിൽ മരം റോഡിലേക്ക് വീണതുമൂലം ഗതാഗത തടസമുണ്ടായി. ഇവിടെ നേരിയ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നേര്യമംഗലം - അടിമാലി റോഡിലും മരം വീഴ്ചയും മണ്ണിടിച്ചിലും ഉണ്ടായി. ഈ ദിവസങ്ങളിലെ മഴക്കെടുതിയിൽ താലൂക്കിലെ മൂന്ന് വീടുകൾക്ക് ഭാഗമായി നാശനഷ്ടമുണ്ടായെന്ന് തഹസിൽദാർ അറിയിച്ചു. തൃക്കാരിയൂർ, കോട്ടപ്പടി, ഇരമല്ലൂർ വില്ലേജുകളിലാണ് വീടുകൾക്ക് നാശം നേരിട്ടത്.