മൂവാറ്റുപുഴയാർ നിറയുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ താഴ്ന്ന പ്രദേശങ്ങൾ
1579059
Sunday, July 27, 2025 4:51 AM IST
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നു.ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും. ശനിയാഴ്ച പുലർച്ചെ മുതൽ മഴ ശക്തിയായതോടെ മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കാളിയാർ, തോടുപുഴ, കോതമംഗലം ആറുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു.
മഴ തുടർന്നാൽ മൂവാറ്റുപുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ അടക്കം വെള്ളത്തി നടിയിലാകും. പുഴക്കര കാവ് കടവു മുതൽ ലതാ പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളികടവുകളും വെള്ളത്തിൽ മുങ്ങി. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
മേഖലയിലെ ചെറുതോടുകളും പുഴകളും പാടശേഖരങ്ങളും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയരുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. 2018ലും 19ലും 20ലും ഉണ്ടായ പ്രളയത്തിൽ മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. വാണിജ്യ മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടിവന്നു.
മഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ റവന്യൂ വകുപ്പും തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും കനത്ത ജാഗ്രതയിലാണ്. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അഗ്നിശമനസേനയും പോലീസും സന്നദ്ധസംഘടനകളും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.