ദേവസ്വം ബോർഡ് വാക്ക് പാലിച്ചില്ല : ചെളിയിൽ നിന്ന് ബലികർമങ്ങൾ ചെയ്ത് ഭക്തജനങ്ങൾ
1578667
Friday, July 25, 2025 4:47 AM IST
ആലുവ: ആലുവ മണപ്പുറത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം മെറ്റൽ വിരിച്ച് കടവുകളിൽ നിന്ന് ചെളി ഒഴിവാക്കുമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉറപ്പ് വെറുതെയായി.
ആയിരക്കണക്കിന് ഭക്തജനങ്ങൾ ചെളിയിലൂടെ നടന്നും നിന്നുമാണ് മണപ്പുറത്തെ ബലിത്തറയിൽ കർക്കിടവാവു ബലിയിടൽ കർമങ്ങൾ ചെയ്തത്.
ബലിത്തറ ലേലം വിളിയിലൂടെ ലക്ഷങ്ങളാണ് ദേവസ്വം ബോർഡിന് വരുമാനം ലഭിച്ചത്. സാധാരണ തുകയായ 75 ൽ നിന്ന് 100 ആയി ഉയർത്തി വരുമാനം വർധിപ്പിച്ചിട്ടും ഭക്തജനങ്ങളോട് ക്രൂരതയാണ് കാണിച്ചതെന്നാണ് ആരോപണം.
മാത്രമല്ല നേരിട്ട് കടവിലേക്ക് വരുന്നവരിൽ നിന്ന് കടവ് വൃത്തിയാക്കാനെന്ന പേരിൽ 50 രൂപ ഇടാക്കിത്തുടങ്ങിയിട്ടുണ്ട്. ഇത്രയും വരുമാനം ലഭിച്ചിട്ടും ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വിട്ടുമാറാത്ത മഴയും എത്തിയതോടെയാണ് മണപ്പുറം ചെളിക്കുളമായത്. മെറ്റലിട്ടെങ്കിലും അവയെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ബലിതർപ്പണത്തിന് എത്തിയവരെ ചെളിയിൽ നിറുത്തിയ ദേവസ്വം ബോർഡ് നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.
ഇതിനിടയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടവുകളിലേക്ക് ഇറങ്ങുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. ചരട് കെട്ടി പ്രത്യേക ബാനർ ഉയർത്തിയാണ് മുന്നറിയിപ്പ് നൽകിയത്.