എസ്. ഹരിഹരൻ നായർ ഓർമയായി : പ്രളയത്തിൽ നഷ്ടപ്പെട്ട കൃത്രിമകൈ നൽകിയത് മന്ത്രി ശൈലജ ടീച്ചർ
1578673
Friday, July 25, 2025 4:47 AM IST
ആലുവ: എസ്. ഹരിഹരൻ നായർ മടങ്ങുന്നത് സമഗ്ര സംഗീത കൃതി പ്രസിദ്ധീകരിക്കണമെന്ന ജീവിതാഭിലാഷം ബാക്കി വച്ച്.
2018 ലെ മഹാപ്രളയത്തിലാണ് മൂന്ന് വോള്യമായി പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ തയാറാക്കിയ സംഗീത സാഗരം എന്ന കൃതിയുടെ 15,000 പേജുകളടങ്ങിയ കൈയെഴുത്ത് പ്രതി നനഞ്ഞ് നശിച്ചുപോയത്. ഒപ്പം വീട്ടിലെ എല്ലാ സംഗീതശേഖരങ്ങളും കൃത്രിക കൈകളും നഷ്ടമായി. എഴുപതാം വയസിലുണ്ടായ ആഘാതം അദ്ദേഹത്തെ വിട്ടു പോയിരുന്നില്ല.
സംഭവമറിഞ്ഞ് അന്നത്തെ ആരോഗ്യ മന്ത്രി അദ്ദേഹത്തിന്റെ കടുങ്ങല്ലൂരിലെ വീട്ടിൽ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മന്ത്രിക്ക് മുന്നിലും ഹരിഹരൻ മാസ്റ്റർ വിതുമ്പിക്കരഞ്ഞു. ശൈലജ ടീച്ചർ ആണ് പകരം കൃത്രിമ കൈ നൽകിയത്.
ഒരായുഷ്ക്കാലം കൃത്രിമ കൈ കൊണ്ട് എഴുതിയ സംഗീത സാഗരമെന്ന രചനയാണ് പ്രളയത്തില്‍ നശിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലെ ടെറസില്‍ അഭയം പ്രാപിച്ച ശേഷം മൂന്നാം ദിവസമാണ് ബോട്ടിൽ രക്ഷപ്പെടുന്നത്.
1984 സരിഗ സംഗീതാലയ എന്ന പേരിൽ വീടിനോട് ചേർന്ന് സംഗീത വിദ്യാലയം ആരംഭിച്ചു. ഗാന ഗന്ധർവൻ യേശുദാസാണ് ഉദ്ഘാടനം ചെയ്തത്. കൃത്രികകൈകൾ കൊണ്ട് ഹർമോണിയവും വായിക്കുമായിരുന്നു. 1994 ൽ കേരള സംഗീത അക്കാദമി അവാർഡ് ലഭിച്ചു.