മൂവാറ്റുപുഴയാറിൽ ചൂണ്ടയിടൽ സജീവം
1578444
Thursday, July 24, 2025 5:03 AM IST
മൂവാറ്റുപുഴ: കാലവർഷം തകൃതിയായി പെയ്തതോടെ മൂവാറ്റുപുഴയാറിൽ ചൂണ്ടയിടൽ സജീവമായി. ചൂണ്ടയും കുട്ടകളുമായി മീൻപിടിക്കാൻ യുവാക്കൾ മുതൽ വയോധികർവരെ മൂവാറ്റുപുഴയാറിന്റെ തീരങ്ങളിൽ സജീവമായിട്ടുണ്ട്.
നാടൻ ചൂണ്ടകൾ മുതൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചൂണ്ടകൾ വരെ ഉപയോഗിച്ചാണ് പലരും മൂവാറ്റുപുഴയാറിൽ മത്സ്യം പിടിക്കുന്നത്. ഉണക്കചെമ്മീൻ, ചെറുപരലുകൾ, കോഴി വേസ്റ്റുകൾ, മൈദാമാവിൽ മഞ്ഞൾപ്പൊടി ചേർത്ത് ചെറിയ ഗുളിക രൂപത്തിലാക്കിയും ചൂണ്ടയിൽ കോർത്തിടുന്നതാണ് പതിവ്.
നിരവധിപേർ ഇതിൽ നിന്നും ജീവിത മാർഗവും കണ്ടെത്താറുണ്ട്. തുടർച്ചയായ പത്താം വർഷവും ബാൻഡ് സെറ്റ് കലാകാരൻ മൂവാറ്റുപുഴ നിർമല കോളജിന് സമീപം താമസിക്കുന്ന കണന്പിള്ളിൽ വിൻസെന്റും മീൻ പിടുത്തത്തിൽ സജീവമാണ്.
മൂവാറ്റുപുഴയിലെ വിവിധ പുഴയോരങ്ങൾ വിൻസെന്റ് മീൻ പിടിക്കുന്നതിനായി തെരഞ്ഞെടുക്കാറുണ്ട്. കട്ല, വഴുത, കൂരി, വാള തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി ലഭിക്കുന്നതെന്ന് വിൻസെന്റ് പറഞ്ഞു. 40 വർഷത്തോളമായി ബാൻഡ് ട്രൂപ്പുകളിൽ അംഗമായിട്ടുള്ള വിൻസെന്റ് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ പൂജ രാജാക്കന്മാരുടെ തിരുനാൾ ദിനങ്ങളിൽ ബാൻഡ് സെറ്റിനൊപ്പം എത്താറുണ്ട്.
വലുതും ചെറുതുമായ നിരവധി മീനുകളാണ് ചൂണ്ടയിൽ കുടുങ്ങുന്നത്. ചൂണ്ടയിട്ട് ലഭിക്കുന്ന മീനുകൾ വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കുകയും ശേഷിക്കുന്നവ വില്പനയും നടത്താറുണ്ട്.