വാഴക്കുളത്ത് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം
1578682
Friday, July 25, 2025 5:01 AM IST
വാഴക്കുളം: വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം. വിശ്വജ്യോതി എൻജിനീയറിംഗ് കോളജിനു സമീപം പരീയ്ക്കപ്പീടികയിലുള്ള ഹെവൻസ് സൂപ്പർ മാർക്കറ്റിൽ ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മോഷണം നടന്നത്.
താഴുതകർത്താണ് മോഷണം നടത്തിയത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയും നാലു പായ്ക്കറ്റ് വെളിച്ചെണ്ണ, വില കൂടിയ ചോക്ലേറ്റുകൾ ഉൾപ്പെടെയുള്ള പലചരക്കു സാധനങ്ങളും മോഷ്ടിക്കപ്പെട്ടതായി സ്ഥാപന ഉടമ സിബി മലേക്കുടിയിൽ പറഞ്ഞു.
വാഴക്കുളം ഭാഗത്തുനിന്നെത്തിയ ബൈക്ക് രാത്രി ഒന്നരയോടെ കവലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തു നിർത്തിയിട്ട് പിന്നിലുള്ള സ്ഥാപനത്തിലേക്ക് രണ്ടുപേർ നടന്നുവരുന്നത് സിസി ടിവി കാമറയിൽ കാണാം. ഹെൽമറ്റും ജാക്കറ്റും പാന്റ്സുമായിരുന്നു മോഷ്ടാക്കളുടെ വേഷം.
അഞ്ചു മിനിറ്റോളം കടയുടെ മുൻഭാഗത്തു നിന്ന് പരിസരം വീക്ഷിച്ച ശേഷം ഒരാൾ കടയുടെ മുൻഭാഗത്തുള്ള സിസി ടിവി കാമറ താഴ്ത്തിവയ്ക്കുന്നതും കാണാം. തുടർന്ന് കാമറയിൽ കാണാത്ത ഷട്ടർ തുറന്ന് അകത്തു കയറുകയായിരുന്നു. താഴ് നഷ്ടപ്പെട്ട നിലയിലാണ്. പത്തു മിനിറ്റോളം അകത്ത് ഇവർ പരിശോധന നടത്തി.
പണം സൂക്ഷിക്കുന്ന മേശവലിപ്പിലും സമീപത്തുള്ള ബുക്കുകളിലുമായി കരുതിയിരുന്ന മൂവായിരത്തോളം രൂപയാണ് കവർന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന മറ്റു രേഖകളൊന്നും നഷ്ടമായിട്ടില്ല. വ്യാപാരാവശ്യത്തിനായി സൂക്ഷിച്ചിരുന്ന മറ്റു വസ്തുക്കൾ സുരക്ഷിതമായ നിലയിലുമാണ്.