വീട്ടിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു : മണീടിൽ മരങ്ങൾ വീണ് വീട് തകർന്നു
1578440
Thursday, July 24, 2025 5:03 AM IST
പിറവം: മണീടിൽ നാല് മരങ്ങൾ വീണ് വീട് തകർന്നു. ഇതിനുള്ളിലുണ്ടായിരുന്ന യുവാവ് മേൽക്കൂര തകരുന്ന ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ചീരക്കാട്ടുപാറ കോടംകണ്ടത്തിൽ തങ്കച്ചന്റെ ഓടിട്ട വീടിന്റെ മുകളിലേക്കാണ് നാലു മരങ്ങൾ പതിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കാറ്റ് വീശിയത്.
പ്ലാവാണ് ആദ്യം മറിഞ്ഞത്. ഇതു വീണാണ് തെങ്ങും, അടക്കാമരവും, പൊങ്ങല്ല്യവും വീടിന് മുകളിലേക്കു പതിച്ചത്. ഈ സമയം തങ്കച്ചന്റെ ഇളയ മകനായ പ്രകാശാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.
റബർ വെട്ടുകാരനായ തങ്കച്ചനും, ഭാര്യ സരളയും, മറ്റൊരു മകനായ പ്രസാദും ഈ സമയം പുറത്തുപോയിരിക്കുകയായിരുന്നു. സമീപവാസികൾ ചേർന്ന് തകർന്ന മേൽക്കൂരയും മറ്റും നീക്കം ചെയ്ത്, താത്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്.