വീതിയില്ലാ റോഡും മൂടിയില്ലാ ഓടകളും; ഇവിടെ വാഹനയാത്ര അപകടകരം
1578443
Thursday, July 24, 2025 5:03 AM IST
മൂവാറ്റുപുഴ : കടാതി അന്പലംപടി - ചെക്ക് ഡാം റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നതായി പരാതി. 60 വർഷം മുൻപ് നിർമിച്ച റോഡിൽ കൈയേറ്റങ്ങൾ ഉണ്ടാകുന്നതും ടാറിംഗ് നടത്താത്തതുമാണ് യാത്ര കൂടുതൽ ദുഷ്കരമാക്കുന്നത്.
വാളകം പഞ്ചായത്തിലെ ഏഴു മുതൽ ഒന്പതുവരെ വാർഡുകളിലൂടെ കടന്നു പോകുന്ന ബൈപ്പാസ് റോഡായി ഉപയോഗിക്കുന്ന അന്പലംപടി - ചെക്ക് ഡാം റോഡിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. പിറവം, ഈസ്റ്റ് മാറാടി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ഈ റോഡിന് വീതി കുറവായതിനാൽ ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുകയാണ്.
1970ൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഈ റോഡിലൂടെ മുൻപ് അഞ്ചോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് ഒരു ബസ് മാത്രമാണ് പ്രദേശവാസികൾക്ക് ആശ്രയമായിട്ടുള്ളത്.
സ്കൂൾ സമയങ്ങളിൽ ഉൾപ്പെടെ വൻ ഗതാഗത തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്. പിഡബ്ല്യുഡി റോഡിൽ അപകടങ്ങൾ പതിവാണെന്നും പരിഹാരം തേടി പരാതിയുമായി എത്തുന്പോൾ അധികൃതർ കടുത്ത അനാസ്ഥയാണ് തുടരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇതിനെല്ലാം പുറമേ റോഡരികിലെ ഓടകൾ സ്ലാബിട്ട് മൂടാതിരിക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. മഴക്കാലങ്ങളിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുകകൂടി ചെയ്യുന്നതോടെ വാഹനങ്ങൾ ഓടയിലേക്ക് ചെരിയാൻ സാധ്യതയേറെയാണ്. റോഡിൽ അറ്റകുറ്റപ്പണി നടത്താൻ ഫണ്ടില്ലെന്നാണ് പിഡബ്ല്യുഡി അധികൃതരുടെ വാദം. 10 വർഷത്തോളമായി റോഡിൽ ടാറിംഗ് നടത്തിയിട്ടില്ല.
ഓടകൾ സ്ലാബിട്ട് മൂടാതിരിക്കുന്നതും കാടുപിടിച്ച് കിടക്കുന്നതും അപകടങ്ങൾക്കിടയാക്കുകയാണ്. സ്കൂളുകൾ, അങ്കണവാടികൾ, നഴ്സറികൾ, ഹെൽത്ത് സെന്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങി സ്ഥാപനങ്ങളുള്ള റോഡാണ് ഗതാഗതക്കുരുക്കിൽ നിശ്ചലമാകുന്നത്.
റോഡിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതും യാത്രക്കാരെ അപകടക്കെണിയിലാക്കുകയാണ്. എത്രയും വേഗം റോഡിൽ ടാറിംഗ് നടത്തണമെന്നും റോഡരികിലെ കൃഷി ഉൾപ്പെടെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.