പ്രധാനാധ്യാപികയുടെ ആശങ്ക പരിഹരിച്ച് മന്ത്രി പി. രാജീവ്
1578678
Friday, July 25, 2025 5:01 AM IST
കളമശേരി: "മന്ത്രിക്കൊപ്പം ഒരു മണിക്കൂർ' വാർഡുതല മുഖാമുഖത്തിൽ ഉയർന്ന പരാതിക്ക് പരിഹാരമായി. കങ്ങരപ്പടി എസ്എൻ യുപി സ്കൂൾ പ്രധാനധ്യാപിക സ്മിത ഗോപിനാഥ് ഉന്നയിച്ച ആശങ്കയാണ് മന്ത്രി ഇടപെട്ട് പരിഹരിച്ചത്.
സ്കൂൾ വളപ്പിന് പുറത്തെ റോഡിലൂടെ പോകുന്ന വൈദ്യുതലൈനിന് സ്കൂൾ മതിലിൽനിന്ന് ആവശ്യമായ അകലമില്ലെന്നും കുട്ടികൾ മതിലിൽ കയറി നിന്ന് കമ്പൊ മറ്റൊ കൊണ്ട് സ്പർശിച്ച് അപായമുണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു ടീച്ചറുടെ ആശങ്ക. ഇത് സംബന്ധിച്ച് സ്കൂൾ മാനേജരുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനവും നൽകി.
വ്യവസായ മന്ത്രി പി. രാജീവ് മണ്ഡലത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയറിന്റെ തുടർച്ചയായി കളമശേരി നഗരസഭയിലെ കങ്ങരപ്പടി എസ്എൻ യുപി സ്കൂളിൽ നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു അധ്യാപിക പ്രശ്നമുന്നയിച്ചത്. ഉടനെ മന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തുടർന്ന് ബുധനാഴ്ച സ്കൂളിന് സമീപത്തെ എൽടി ലൈനിലെ അഞ്ച് അലുമിനിയം കണ്ടക്ടർ മാറ്റി ഇൻസുലേഷനുള്ള എബിസി കേബിളാക്കി ലൈൻ മാറ്റി. തേവയ്ക്കൽ സെക്ഷന്റെ നേതൃത്വത്തിൽ 250 മീറ്ററോളം നീളത്തിലാണ് ലൈൻ മാറ്റിയത്. ഒരു ലക്ഷം രൂപയോളം ചെലവുവരുന്ന പ്രവൃത്തി കെഎസ്ഇബി ചെലവിലാണ് പൂർത്തിയാക്കിയത്. നേരിട്ട് സർശിച്ചാൽ പോലും അപായ സാധ്യതയില്ലാത്തതാണ് എബിസി കേബിൾ.