പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം : വനിതാ കൗണ്‍സിലറെ പുറത്താക്കി കോണ്‍ഗ്രസ്
1580406
Friday, August 1, 2025 4:19 AM IST
കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊച്ചി കോർപറേഷൻ തോപ്പുംപടി ഡിവിഷൻ കൗണ്‍സിലർ ഷീബ ഡുറോമിനെതിരെയാണ് നടപടി. തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഷീബയ്ക്കെതിരായ ആരോപണം.
താക്കീത് ചെയ്തും കത്ത് മുഖേനയും നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നതായി ബോധ്യപ്പെട്ടതിനാലാണ് കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപ്പ് ലംഘിച്ചതിന്റെ പേരില്‍ മുന്‍പ് ഷീബ സസ്പെന്ഷന് നേരിട്ടിരുന്നു.
വോട്ടെടുപ്പ് ഘട്ടത്തില്‍ പേരെഴുതാതെ ബാലറ്റ് പേപ്പര്‍ തിരികെ നല്കി വോട്ട് അസാധുവാക്കി എന്നതായിരുന്നു ഷീബയ്ക്കെതിരായ കുറ്റം. അന്ന് സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ആറു മാസത്തിനുശേഷം പാര്‍ട്ടിയില്‍ തിരികെ എടുത്തിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലേക്ക് കുറുമാറിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നോമിനിയായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയ ആളാണ് ഷീബ ഡുറോം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ഷീബ ഡുറോം
കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ആരുടെയോ ഗൂഢതാല്പര്യങ്ങള് സംരക്ഷിക്കാനാണ് തന്നെ പുറത്താക്കിയതെന്നും ഷീബ ഡുറോം. ഒടുവില്‍ നടന്ന മെട്രോ പൊളിറ്റന്‍ ആസൂത്രണ സമിതി തെരഞ്ഞെടുപ്പിലും പാര്‍ടി സ്ഥാനാര്‍ഥിക്കായി വോട്ട് ചെയ്ത താന്‍ എന്ത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ബോധ്യമായിട്ടില്ല. പരിപാടികള്‍ മന:പൂര്‍വം തന്നെ അറിയിച്ചില്ല.
അറിയിക്കണമെന്ന് മണ്ഡലം ഭാരവാഹികളോട് നിര്‍ദേശിക്കണമെന്ന് ഡിസിസി പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സ്ത്രീയെന്ന പരിഗണന നല്‍കാതെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പൊതുസമൂഹത്തില്‍ ആക്ഷേപിക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും ഷീബ പറഞ്ഞു.