ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം : കളക്ടര്‍ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1580408
Friday, August 1, 2025 4:19 AM IST
കൊച്ചി: സ്വകാര്യബസുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി (സിറ്റി), ആര്‍ടിഒ, റോഡ് സുരക്ഷാ വിഭാഗം ജില്ലാ മേധാവി, നഗരസഭാ സെക്രട്ടറി എന്നിവരുടെ യോഗം ജില്ലാ കളക്ടര്‍ ഉടന്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
കാറിനെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് പിന്നില്‍ നിന്നും ഇടിച്ചു വീഴ്ത്തിയ കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. യോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ നാലാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം.
ടിഡി റോഡ് സ്വദേശി ഗോവിന്ദ് എന്‍.ഷേണായി വാഹനാപകടത്തില്‍ മരിച്ച സംഭവത്തിന്റെ കാരണങ്ങള്‍ ജില്ലാ പോലീസ് മേധാവി (സിറ്റി) അന്വേഷിക്കണമന്നും ഉത്തരവില്‍ പറഞ്ഞു.
അപകടമുണ്ടാക്കിയ ബസിന്റെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള അമിതവേഗതയും അപകടവും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍, അപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ ജില്ലാ പോലീസ് മേധാവി നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം. ആര്‍ടിഒയും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കളക്ടറെ പ്രതിനിധീകരിച്ച് ആര്‍ഡിഒ, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരുടെ പ്രതിനിധികള്‍ നേരിട്ട് പങ്കെടുത്ത് വസ്തുതകള്‍ ധരിപ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.