മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്
1580415
Friday, August 1, 2025 4:19 AM IST
കൊച്ചി: നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. മനീഷ് എം എന്ന് പേരുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. നടിയുടെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മാലാ പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടിയുടെ ഫേസ്ബുക്ക് പേജ് പിന്തുടര്‍ന്ന ശേഷം ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തിയാണ് മോര്‍ഫ് ചെയ്ത് അശ്ലീലകരമായി പ്രചരിപ്പിച്ചിരുന്നത്.
ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
ശ്രദ്ധയില്‍പ്പെടുത്തിയത് മാനേജര്‍: മാലാ പാര്‍വതി
മോര്‍ഫ് ചെയ്ത തന്റെ ചിത്രങ്ങൾ പ്രചരിക്കുന്ന സംഭവം ശ്രദ്ധിയില്‍പ്പെടുത്തിയത് മാനേജരാണ്. ഉടന്‍ തന്നെ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മെസജര്‍ വഴി അയച്ചുകൊടുക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലാ പാര്‍വതി പറഞ്ഞു.