റോണി മാത്യുവിനെതിരെ നടപടി വേണമെന്നു കേരള കോൺ-എം ജില്ലാ കമ്മിറ്റി
1580413
Friday, August 1, 2025 4:19 AM IST
കൊച്ചി: കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി ബാബു ജോസഫിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും പാർട്ടി അച്ചടക്കലംഘനം നടത്തുകയും ചെയ്ത സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോണി മാത്യുവിനെതിരെ നടപടി വേണമെന്നു ജില്ലാ നേതൃയോഗത്തിൽ ആവശ്യം.
റോണിയെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തിനു നൽകിയിട്ടുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന ആവശ്യപ്പെട്ടതായി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് പറഞ്ഞു. യോഗത്തിന്റെ ആവശ്യം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ബാബു ജോസഫിനെതിരെ ജില്ലയിൽ ഒരു വിഭാഗം റോണി മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. പെരുന്പാവൂരിൽ കഴിഞ്ഞ തവണ പാർട്ടിയുടെ സ്ഥാനാർഥിയായി നിയമസഭയിലേക്കു മത്സരിച്ച ബാബുവിനോടു, സിപിഎമ്മിന് കടുത്ത എതിർപ്പാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയില്ലെന്നും റോണി മാത്യുവിനെ ഈ സീറ്റിൽ മത്സരിപ്പിക്കണമെന്നുമുള്ള പ്രചാരണം ചില വാർത്താചാനലുകളിലും വന്നു.
ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് റോണി മാത്യുവാണെന്നു കളമശേരിയിൽ ചേർന്ന ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ടോമി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, ടി.എ.ഡേവിസ്, വി.വി.ജോഷി, വർഗീസ് ജോർജ് പൈനാടത്ത്, ജോയി നടുക്കുടി, വിൽസൺ പൗലോസ്, കെ.പി. ബാബു, ജയൻ കല്ലുകുളങ്ങര, ജോർജ് കോട്ടൂർ, സജിമോൻ കോട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അതേസമയം തന്റെ പേരിൽ ഉയർന്ന ആരോപണത്തിൽ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നു റോണി മാത്യു പറഞ്ഞു. തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തു എന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.