ഗതാഗത നിയമ ലംഘനം : മൂന്ന് മാസത്തിനിടെ പിഴ 1.3 കോടി
1580668
Saturday, August 2, 2025 4:37 AM IST
കൊച്ചി: നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടികള്‍ കടുപ്പിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിൽ പിഴ ഇനത്തില്‍ മാത്രം 1.31 കോടി രൂപ ഈടാക്കി. ഈ കാലയളവിൽ 1.24 ലക്ഷം പെറ്റി കേസുകളും മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തു.
പിഴയും നിയമനടപടികളും കര്‍ശനമാക്കിയിട്ടും ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കുറവില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പരിശോധനാ കണക്കുകള്‍. കഴിഞ്ഞ 28ന് ജില്ലയുടെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസുകളുടെ 233 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
55 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. ഇവരുടെ ലൈസന്സിനെതിരെയുള്ള നിയമനടപടി മോര്‍ട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. കൊച്ചിയില്‍ നടപടി നേരിട്ടവയില്‍ ഭൂരിഭാഗവും വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തിയ ബസുകളാണ്.
കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് 930 ഡ്രൈവര്‍മാരുടെ ലൈസന്‍സ് എംവിഡി റദ്ദാക്കി. ജീവഹാനി ഉണ്ടായ അപകടങ്ങള്‍, മദ്യപിച്ച് ഡ്രൈവിംഗ്, കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയർത്തി വാഹനം ഓടിച്ചതുൾപ്പെടെയുള്ള കാരണങ്ങളുടെ പേരിലാണ് നടപടി. ലൈസന്‍സ് റദ്ദാക്കപ്പെടുന്നവര്‍ക്ക് തിരികെ ലഭിക്കുന്നതിന് മുമ്പ് തിരുത്തല്‍ പരിശീലനം നല്‍കും.
ഗുരുതര അപകടത്തില്‍പെട്ട് ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് സസ്പെന്ഷന് കാലാവധിക്ക് ശേഷം അഞ്ച് ദിവസത്തെ നിര്‍ബന്ധിത പരിശീലനമാണ് നല്‍കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയ്നിംഗ് ആന്‍ഡ് റിസര്‍ച്ചിലാണ് (ഐഡിടിആര്‍) പരിശീലനം നല്‍കുന്നത്.