റോഡുകളുടെ ശോചനീയാവസ്ഥ; അടിയന്തര യോഗം ചേര്‍ന്നു
1580428
Friday, August 1, 2025 5:00 AM IST
കൊച്ചി: കൊച്ചി കോര്പറേഷന് പരിധിയിലുള്ളതും വിവിധ വകുപ്പുകളുടെ അധീനിതയിലുള്ളതുമായ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
തമ്മനം-പുല്ലേപ്പടി റോഡ്, ഹൈക്കോര്‍ട്ട് റോഡ്, ഗോശ്രീ, ബിഒടി എന്നീ പാലങ്ങളിലെയും കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് കോര്പറേഷന്, പൊതുമരാമത്ത്, ജിഡ, ജിസിഡിഎ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്കി. ജല്‍ ജീവന് പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂർത്തിയാക്കാനും ജല അഥോറിറ്റി ഉദ്യോഗസ്ഥരോട് യോഗം ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജിഡ, ജിസിഡിഎ, എന്‍എച്ച്എഐ, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്തു.