തൃപ്പൂണിത്തുറയിൽ കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുതുടങ്ങി
1580420
Friday, August 1, 2025 4:47 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ മരത്തിന്റെ റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ നിന്നിരുന്ന ശിഖരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി. ഇവിടെയുള്ള വ്യാപാരികളും യാത്രക്കാരും മരത്തിന്റെ ശിഖരങ്ങളെ ഭീതിയോടെയാണ് കണ്ടിരുന്നത്.
മിനി സിവിൽ സ്റ്റേഷനിലേക്കും തൊട്ടടുത്ത വളപ്പിലുള്ള ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുമുള്ള വിദ്യാർഥികളുമുൾപ്പെടെ ദിനംപ്രതി ഒട്ടേറെ യാത്രക്കാരാണ് ഇതിനടിയിലൂടെ കടന്നുപോയിരുന്നത്. ഇന്നലെ രാവിലെ മുതലാണ് മരം മുറിക്കുവാൻ തുടങ്ങിയത്. മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ദീപിക നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
മരം മുറിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഗതാഗതത്തിനും വൈദ്യുതി വിതരണത്തിലും നിയന്ത്രണങ്ങളുണ്ട്. മരം മുറിക്കൽ ഇന്നും തുടരും. റോഡിന് മുകളിലുള്ള ശിഖരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചു നീക്കിയതിനാൽ ഇന്ന് കാര്യമായ ഗതാഗത നിയന്ത്രണമുണ്ടാകില്ല.