വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി
1580666
Saturday, August 2, 2025 4:37 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ യുവാവിനെതിരേ 35കാരിയായ ആലപ്പുഴ സ്വദേശിനിയാണ് എറണാകുളം സൗത്ത് പോലീസിൽ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും ആറര ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി.
ഇവര്‍ നേരത്തെ ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ഇവിടെ കേസെടുക്കുകയും ചെയ്തിരുന്നു. പീഡനം നടന്നത് എറണാകുളത്തായതിനാല്‍ എഫ്ഐആര്‍ സൗത്ത് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2024 ഡിസംബറിലാണ് 35കാരിയും യുവാവും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്.
ഇതിനു ശേഷം പ്രതി പലപ്പോഴായി ഒന്നര ലക്ഷം രൂപ ഓണ്‍ലൈനായും അഞ്ച് ലക്ഷം രൂപ പണമായും കൈക്കലാക്കി. ഇതിന് ശേഷം പ്രതി വിവാഹത്തില്‍നിന്നും പിന്മാറിയതോടെയാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ യുവതിയെ എറണാകുളത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.