മൂവാറ്റുപുഴ നിര്മലയില് മെറിറ്റ് ദിനാഘോഷം
1580431
Friday, August 1, 2025 5:00 AM IST
മൂവാറ്റുപുഴ: നിര്‍മല കോളജില്‍ 2022- 2025 അധ്യയന വര്‍ഷത്തില്‍ ഡിഗ്രിയും,2023-2025 വര്‍ഷത്തില്‍ പിജി പഠനവും പൂര്‍ത്തിയാക്കി റാങ്ക് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ മെറിറ്റ് ദിനാഘോഷത്തില്‍ ഗാനരചയിതാവും, കവിയുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ മുഖ്യാതിഥിയായി.
ചടങ്ങില്‍ റാങ്ക് ജേതാക്കള്‍, വിവിധ വിഭാഗങ്ങളില്‍ നിന്നായി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി പുരസ്കാര ജേതാക്കള്‍ ഉള്‍പ്പെടെ 180 വിദ്യാര്‍ഥികളെയാണ് കോളജ് ആദരിച്ചത്. 2025 അധ്യയന വര്‍ഷത്തില്‍ യുജി വിഭാഗത്തില്‍ 46റാങ്കും, പിജി വിഭാഗത്തില്‍ 22റാങ്കുകളുമാണ് കോളജ് നേടിയത്. മെറിറ്റ് ദിനാഘോഷത്തില്‍ കോളജ് ഓട്ടോണോമസ് ഡയറക്ടര്‍ ഡോ.കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ സി. എമി ടോമി എന്നിവര്‍ പ്രസംഗിച്ചു.