കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി; പെൺസുഹൃത്ത് അറസ്റ്റിൽ
1580660
Saturday, August 2, 2025 4:37 AM IST
പെൺസുഹൃത്ത് വിഷം നല്‍കിയെന്ന് മരണത്തിന് മുമ്പേ യുവാവ് ബന്ധുവിനോട് സൂചിപ്പിച്ചു
കോതമംഗലം:കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി.പെൺസുഹൃത്ത് അറസ്റ്റിൽ.മാതിരപ്പിള്ളി മേലേത്ത്മാലില്‍ അലിയാരുടെ മകൻ അന്‍സില്‍ (38)ആണ് കൊല്ലപ്പെട്ടത്.അന്‍സിലിന്റെ പെൺസുഹൃത്തായ പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീന (24) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് അൻസിൽ മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ അന്‍സില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അഥീന വിഷം നല്‍കിയെന്ന് മരണത്തിന് മുമ്പേ അന്‍സില്‍ ബന്ധുവിനോട് സൂചിപ്പിച്ചിരുന്നു.ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആദ്യം വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.അന്‍സിലിന്റെ മരണം സംഭവിച്ചതോടെ അഥീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
ബുധനാഴ്ച പുലർച്ചെ നാലോടെ അഥീനയുടെ വീട്ടില്‍വച്ചാണ് സംഭവം. അഥീന ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. വിഷം അകത്തുചെന്നശേഷം അന്‍സില്‍ അവശനായതോടെ അഥീനയാണ് കോതമംഗലം പോലീസിനെ ആദ്യം വിവരം അറിയിച്ചത്. വീടിനടുത്ത് ഒരാള്‍ വിഷം കഴിച്ച് കിടക്കുന്നു എന്നായിരുന്നു അഥീന നല്കിയ വിവരം.ഇതിനിടെ അന്‍സിലും പോലീസിന്റെ കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിച്ചിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്‍സിലിന്റെ ബന്ധുക്കളെ അറിയിക്കുകയും ആംബുലന്‍സ് വരുത്തി അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.ആംബുലന്‍സില്‍വച്ചാണ് അഥീനയാണ് വിഷം നല്‍കിയതെന്ന് അന്‍സില്‍ ബന്ധുവിനോട് പറഞ്ഞത്.ടിപ്പര്‍ ഡ്രൈവറാണ് അന്‍സില്‍.
ഒരു വര്‍ഷം മുമ്പ് അന്‍സിലിനെതിരെ അഥീന പോലീസില്‍ പരാതി നല്‍കിയിരുന്നു.തന്നെ മര്‍ദിച്ചുവെന്നായിരുന്നു പരാതി.പോലീസ് കേസെടുത്തെങ്കിലും പിന്നീട് അഥീന പരാതി പിന്‍വലിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം നല്‍കേണ്ട പണം അന്‍സില്‍ നല്‍കാതിരുന്നത് അഥീനയെ പ്രകോപിപ്പിച്ചതായാണ് സംശയം.
ഇതും മറ്റ് ചില പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഏത് വിധത്തിൽ വിഷം കൊടുത്തു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാകുന്നതേയുള്ളൂ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്‍സിലിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു. ഭാര്യ:സഫ്ന. മക്കൾ: മുഹമ്മദ് റാബിഹ്, റാബി.
ഗ്രീഷ്മയുടെ ക്രൂരകൃത്യത്തെ അനുസ്മരിപ്പിച്ച് അഥീനയും
കോതമംഗലം: തിരുവനന്തപുരം പാറശാലയില്‍ ഗ്രീഷ്മ ആണ്‍സുഹൃത്തിനെ ജൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയ മാതൃകയാണ് അഥീനയും സ്വീകരിച്ചത്.കൊലപാതകത്തിന് ഉപയോഗിച്ച കളനാശിനി പോലും ഒരേ കമ്പനിയുടേതായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ആസൂത്രണം ചെയ്താണ് അഥീന കൊലപാതകം നടപ്പാക്കിയത്.
കളനാശിനി ഏറെ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വാങ്ങിവച്ചിരുന്നു.ബുധനാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് അഥീന,അന്സിലിന് വിഷം നല്‍കിയത്.അഥീനയുടെ വീട്ടില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും സൂചനയുണ്ട്.പോലീസിന്റെ പല ചോദ്യങ്ങൾക്കുും വ്യക്തമായ മറുപടി നല്കാന് അഥീന തയാറായില്ലെന്നാണ് വിവരം.റിമാൻഡ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
അയല്‍വാസികളുമായി ബന്ധമില്ലാതെയാണ് അഥീന കഴിഞ്ഞിരുന്നത്.ഇത്തരമൊരു ക്രൂരത അവിടെ അരങ്ങേറിയത് അയല്‍വാസികള്‍ അറിഞ്ഞത് പോലീസും അന്‍സലിന്റെ ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ്. ഒരു മാസംമുമ്പ് മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് കേസുണ്ടായിരുന്നു.
ഈ കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു.ഇതിനെച്ചൊല്ലിയും അൽസിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. അൻസിൽ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായാണ് അഥീനപോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്.
അഥീനയുടെ മാതാവ് ലിസി കോവിഡ് പിടിപെട്ടാണ് മരിച്ചത്.അതിന് ശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടില്‍ താമസമാക്കിയത്.മറ്റ് ബന്ധുക്കളുമായും അഥീന വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.പോലീസ് ഇന്‍സ്പെക്ടര്‍ പി.ടി.ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും.